തിരുവനന്തപുരം: നിലവിലെ സാഹചര്യത്തില്‍ സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രായോഗികമല്ലെന്നു സര്‍വകക്ഷി യോഗം. കോവിഡ് പ്രതിരോധത്തിനു നിലവിലുള്ള നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കാനും മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സര്‍വകക്ഷിയോഗത്തില്‍ തീരുമാനം.
സംസ്ഥാനത്ത് ഇപ്പോള്‍ അതീവ ഗുരുതരമായ സ്ഥിതിവിശേഷമാണുള്ളതെന്നു മുഖ്യമന്ത്രി പിണറായി വിജയന് യോഗത്തില്‍ പറഞ്ഞു. വരും ദിവസങ്ങളില്‍ സ്ഥിതി കൂടുതല്‍ സങ്കീര്‍ണമാകുന്നത് തടയാന്‍ എല്ലാവരുടെയും സഹകരണം ആവശ്യമാണെന്നും മുഖ്യമന്ത്രി യോഗത്തില്‍ അറിയിച്ചു.
വിവാഹം, മരണം എന്നീ ചടങ്ങുകളിലും രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗങ്ങളിലും പങ്കെടുക്കുന്നവരുടെ എണ്ണം നിയന്ത്രിക്കും. പൊതുസ്ഥലങ്ങളില്‍ ആള്‍ക്കൂട്ടം ഒഴിവാക്കാനും യോഗത്തില്‍ തീരുമാനമായി. സമരങ്ങളും പ്രക്ഷോഭങ്ങളും സാധാരണമാണെങ്കിലും ആരോഗ്യപരിപാലന മാര്‍ഗനിര്‍ദേശത്തിനു വിധേയമായി നിയന്ത്രണം ഏര്‍പ്പെടുത്താനും സര്‍ക്കാരിന്റെ ഉദ്ഘാടന പരിപാടികള്‍ ഡിജിറ്റലായി നടത്താനും തീരുമാനിച്ചു.
കോവിഡ് പ്രതിരോധിക്കാന്‍ ഒറ്റക്കെട്ടായി നീങ്ങണമെന്നു സര്‍വകക്ഷി യോഗത്തില്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി അറിയിച്ചു. സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രായോഗികമല്ലെന്നു പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല സര്‍വകക്ഷിയോഗത്തില്‍ വ്യക്തമാക്കി.
ലോക്ക്ഡൗണില്ല ; നിയന്ത്രണങ്ങള്‍ കര്‍ശനമാക്കും
01:04 AM Sep 30, 2020 | Deepika.com