കൊച്ചി: കേരളത്തിലെ വന്യജീവി സങ്കേതത്തിനു ചുറ്റിലുമായി ഒരു കിലോമീറ്റര്‍ വായുദൂരത്തില്‍ കര്‍ഷകഭൂമി കൈയേറി പരിസ്ഥിതി ബഫര്‍ സോണ്‍ പ്രഖ്യാപിക്കാനുള്ള നീക്കവും കരടുവിജ്ഞാപനങ്ങളും സംഘടിതമായും നിയമപരമായും നേരിടുമെന്നു രാഷ്ട്രീയ കിസാന്‍ മഹാ സംഘ് സംസ്ഥാന ചെയര്മാന് ഷെവലിയര്‍ അഡ്വ. വി.സി. സെബാസ്റ്റ്യന്‍.
ജണ്ടയിട്ടു തിരിച്ചിരിക്കുന്ന വനാതിര്‍ത്തിക്കുള്ളിലായി ബഫര്‍സോണ്‍ നിജപ്പെടുത്തണം. ബഫര്‍ സോണ്‍ വനാതിര്‍ത്തി കടക്കാന്‍ യാതൊരു കാരണവശാലും കര്‍ഷകര്‍ അനുവദിക്കില്ല. നിയമപരമായി കാലങ്ങളായി കരമടച്ച് കൈവശംവച്ച് അനുഭവിക്കുന്നതും തലമുറകളായി കൃഷിചെയ്യുന്നതുമായ ഭൂമി പരിസ്ഥിതിലോല ബഫര്‍ സോണായി മാറ്റുന്നതിന് ഉദ്യോഗസ്ഥരും ജനപ്രതിനിധികളും കൂട്ടുനില്‍ക്കുന്നതിനെ എതിര്‍ക്കും. 2019ല്‍ വിവിധ സമയങ്ങളില്‍ ബഫര്‍ സോണ്‍ സംബന്ധിച്ച് നടന്ന ആലോചനായോഗങ്ങളെ ജനപ്രതിനിധികള്‍ നിസാരവല്കരിച്ചതും ഉദ്യോഗസ്ഥ താത്പര്യത്തിനനുസരിച്ച് ജനനേതാക്കള്‍ നിലപാടെടുത്തതുമാണ് ഇന്നു കര്‍ഷകരെ വെട്ടിലാക്കിയിരിക്കുന്നത്.
കര്‍ഷകരുടെ രക്ഷകരും സംരക്ഷകരുമെന്ന് കൊട്ടിഘോഷിക്കുന്ന സര്‍ക്കാര്‍ സംവിധാനങ്ങള്‍ വന്യജീവികളില്‍നിന്നു കര്‍ഷകര്‍ക്ക് രക്ഷയേകാന്‍ കര്ഷകഭൂമിയില്നിന്ന് ഒരു കിലോമീറ്റര്‍ വനപ്രദേശം ബഫര്‍ സോണായി പ്രഖ്യാപിക്കാന്‍ തയാറാകണമെന്നും വി.സി. സെബാസ്റ്റ്യന്‍ പറഞ്ഞു.
പരിസ്ഥിതിലോല ബഫര്‍ സോണ്‍ അനുവദിക്കില്ല: കിസാന്‍ മഹാ സംഘ്
12:46 AM Sep 30, 2020 | Deepika.com