ഗാന്ധിനഗർ: മെഡിക്കൽ കോളജിൽ നിരീക്ഷണവിഭാഗത്തിൽ കഴിഞ്ഞിരുന്ന ഗൃഹനാഥൻ കോവിഡ് ബാധിച്ചു മരിച്ചു. ചേർത്തല പട്ടണക്കാട് പൊന്നാംവെളി കൊച്ചടി നികർത്തിൽ അശോകനാ(55)ണു മരിച്ചത്. നാലു മാസം മുന്പു മെഡിക്കൽ കോളജിലെ ന്യൂറോ സർജറി വിഭാഗത്തിലെ ചികിത്സയ്ക്കുശേഷം വീട്ടിൽ കഴിയുകയായിരുന്നു.
ഞായറാഴ്ച പനിയും ജലദോഷവും ഉണ്ടാകുകയും മെഡിക്കൽ കോളജ് അത്യാഹിതവിഭാഗത്തിൽ എത്തിക്കുകയും ചെയ്തു. അത്യാഹിതവിഭാഗത്തിലെ കൊറോണ നിരീക്ഷണ വിഭാഗത്തിൽ പ്രവേശിപ്പിച്ച അശോകൻ തിങ്കളാഴ്ച രാത്രി 11.30നു മരിച്ചു. മരണശേഷമാണു കോവിഡ് സ്ഥിരീകരിച്ചത്. മൃതദേഹം കോവിഡ് പ്രോട്ടോക്കോൾ അനുസരിച്ചു ചേർത്തല അരൂക്കുറ്റി പഞ്ചായത്ത് പൊതുശ്മശാനത്തിൽ സംസ്കരിച്ചു. ഭാര്യ: മഹിളാമണി. മക്കൾ: അശ്വതി, ആതിര. മരുമകൻ: മനീഷ്.
തിരുവല്ല :കോവിഡ് ബാധിച്ച് വീട്ടമ്മ മരിച്ചു. കുറ്റൂർ കിഴക്കോനോതറ കുഴികണ്ടത്തിൽ ടി. കുര്യാക്കോസിന്റെ ഭാര്യ അനറ്റ് കുര്യാക്കോസ് (64)ആണ് മരിച്ചത്. വൃക്ക സംബന്ധമായ അസുഖങ്ങളെ തുടർന്ന് തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ കഴിഞ്ഞ മൂന്നാഴ്ചക്കാലമായി ചികിത്സയിലായിരുന്നു . നാല് ദിവസം മുമ്പാണ് കോവിഡ് സ്ഥിരീകരിച്ചത്. തിങ്കളാഴ്ച വൈകുന്നേരത്തോടെ മരിച്ചു. സംസ്കാരം നടത്തി. മക്കൾ: അനു, ജിനു, മീനു. മരുമക്കൾ: ലിൻക്ലോൺ ജേക്കബ്, രഞ്ജിത്ത് പീറ്റർ, അർച്ചി രാജ് ഏബ്രഹാം.
എഴുമറ്റൂർ: കോവിഡ് ബാധിച്ച് വയോധിക മരിച്ചു.എഴുമറ്റൂർ വാളാഞ്ചേരി പരേതനായ പുരുഷോത്തമക്കുറുപ്പിന്റെ ഭാര്യ ഭാരതിയമ്മ (74)ആണ് മരിച്ചത്. സംസ്കാരം ഇന്ന് പത്തിന് വീട്ടുവളപ്പിൽ. മക്കൾ: പ്രമോദ്, പരേതനായ പ്രദീപ്. മരുമകൾ: ചിത്ര.
ഹരിപ്പാട് :കോവിഡ് ബാധിച്ച് വ്യാപാരി മരിച്ചു. ആറാട്ടുപുഴ ബസ്റ്റാന്റിൽ പുത്തൻപുരക്കൽ സ്റ്റോഴ്സ് എന്ന സ്ഥാപനം നടത്തിവന്ന ആറാട്ടുപുഴ പുത്തൻപുരക്കൽ അബ്ദുൽ സമദാണ് ( 62 ) മരിച്ചത്. പനി ബാധിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിൽ കോവിഡ് സ്ഥിരീകരിക്കുകയും കഴിഞ്ഞ 20-ന് ആലപ്പുഴ മെഡിക്കൽ കോളജിൽ പ്രവേശിപ്പിക്കുകയും ചെയ്തു. രോഗം വഷളായതിനെ, തുടർന്ന് ഐസിയുവിലേക്ക് മാറ്റുകയായിരുന്നു. ചൊവ്വാഴ്ച ആറ് മണിയോടെ മരണം സംഭവിച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്തിന് വർഷങ്ങളായിചികിത്സയിലായിരുന്നു. ഭാര്യ: ഷീജ.മക്കൾ: റൂബിയ, ഷാജഹാൻ.മരുമകൻ: നിയാസ് . കബറടക്കം നടത്തി.
കോവിഡ് മരണങ്ങൾ
12:23 AM Sep 30, 2020 | Deepika.com