കൊച്ചി: സംസ്ഥാനത്ത് കോവിഡ് വ്യാപനത്തിന്റെ തീവ്രത വ്യക്തമാക്കി പ്രതിദിനം പോസിറ്റീവാകുന്നവരുടെ എണ്ണം വര്‍ധിക്കുന്നതോടൊപ്പം മരണസംഖ്യയും ഉയരുന്നു.
26 ദിവസത്തിനിടെ കോവിഡ് ബാധിച്ച് സംസ്ഥാനത്ത് മരിച്ചത് 362 പേരാണ്. ഇതോടെ സംസ്ഥാനത്ത് സെപ്റ്റംബർ 26 വരെ മരിച്ചവരുടെ എണ്ണം 656 ആയി. ഓഗസ്റ്റിൽ 221 കോവിഡ് മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്. എന്നാൽ സെപ്റ്റംബറിലെ ആദ്യ 26 ദിവസത്തിൽ ആശങ്കപ്പെടുത്തുന്ന വര്‍ധനയാണുണ്ടായത്. ഇതോടൊപ്പം ഉറവിടമറിയാത്ത രോഗികളുടെ എണ്ണം വര്‍ധിക്കുന്നതു വലിയ തോതില്‍ രോഗവ്യാപനത്തിനു കാരണമാകുമെന്ന് ആരോഗ്യവിദഗ്ധർ വിലയിരുത്തുന്നു.
ഏറ്റവുമധികം കോവിഡ് മരണങ്ങള് തിരുവനന്തപുരത്താണ്- 208 പേര്. കൊല്ലം -47, പത്തനംതിട്ട-അഞ്ച്, ആലപ്പുഴ- 34, കോട്ടയം- 12, ഇടുക്കി- മൂന്ന്, എറണാകുളം- 59, തൃശൂര്‍- 45, പാലക്കാട്- 26, മലപ്പുറം- 64, കോഴിക്കോട്- 61, വയനാട്- അഞ്ച്, കണ്ണൂര്‍- 40, കാസര്‍ഗോഡ്- 47 എന്നിങ്ങനെയാണ് മറ്റ് ജില്ലകളിലെ മരണ നിരക്ക്. സംസ്ഥാനത്ത് ഇതുവരെ ആകെ 1,67,939 പേര്‍ക്കാണ് കോവിഡ് ബാധിച്ചത്. ഇതില്‍ 1,14,530 പേര് രോഗമുക്തരായി. മരണനിരക്ക് 0.39 ശതമാനമാണ്.
20നും 40നും ഇടയില്‍ പ്രായമുള്ളവര്‍ക്കാണ് കൂടുതല്‍ കോവിഡ് ബാധിച്ചതെങ്കിലും മരിച്ചവരില്‍ 72 ശതമാനം പേരും 60 വയസിനു മുകളില്‍ പ്രായമുള്ളവരാണ്.
പ്രതിദിന കണക്കുകള്‍ 7000 കടന്നതോടെ രോഗവ്യാപനം തടയുന്നതിനായി ലോക്ക് ഡൗണ്‍ പോലുള്ള സംവിധാനങ്ങള്‍ ആവിഷ്കരിക്കണമെന്ന ആവശ്യവും സമൂഹമാധ്യമങ്ങളില്‍ അടക്കം ശക്തമാവുകയാണ്.
26 ദിവസത്തിനിടെ 362 മരണം; സ്ഥിതി രൂക്ഷമെന്ന് ആരോഗ്യവിദഗ്ധര്‍
01:37 AM Sep 28, 2020 | Deepika.com