തിരുവനന്തപുരം: കോടികളുടെ കമ്മീഷൻ ആരോപണം ഉയർന്ന വടക്കാഞ്ചേരി ലൈഫ് പദ്ധതി ക്രമക്കേടുമായി ബന്ധപ്പെട്ടു സിബിഐ അന്വേഷണം വന്നതോടെ പ്രാഥമിക പരിശോധന പ്രഖ്യാപിച്ച സംസ്ഥാന വിജിലൻസ് നേരിടുന്നത് അപൂർവ പ്രതിസന്ധി. വിജിലൻസ് പ്രാഥമിക പരിശോധന പ്രഖ്യാപിച്ചതിനു പിന്നാലെ അതേ സംഭവത്തിൽ സിബിഐ കേസെടുത്ത് അന്വേഷിക്കുന്നത് വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോയുടെ ചരിത്രത്തിൽ അപൂർവമാണ്.
വിദേശ നാണ്യ വിനിമയ നിയന്ത്രണ നിയമം ലംഘിച്ചു യുഎഇ റെഡ്ക്രസന്റുമായി ബന്ധപ്പെട്ട പണമിടപാടുമായി ബന്ധപ്പെട്ട് എഫ്ഐആർ കോടതിയിൽ സമർപ്പിച്ച സിബിഐ അന്വേഷണം വന്നതോടെ വിജിലൻസിന്റെ പ്രാഥമിക പരിശോധന ഫലത്തിൽ അപ്രസക്തമായി. വടക്കാഞ്ചേരി ലൈഫ് പദ്ധതി ക്രമക്കേടുമായി ബന്ധപ്പെട്ടു സിബിഐ അന്വേഷണത്തിനു പുറത്തുള്ള ഏതെങ്കിലും വിഷയങ്ങൾ ഉണ്ടെങ്കിൽ മാത്രമേ ഇനി വിജിലൻസിന് പരിശോധിക്കാനാകൂ.
അതിനിടെ, വിജിലൻസ് അന്വേഷണ സംഘം ഇന്നലെ സെക്രട്ടേറിയറ്റിലെ തദ്ദേശ ഭരണ വകുപ്പിലെത്തി ലൈഫ് പദ്ധതിയുമായി ബന്ധപ്പെട്ട ഫയലുകൾ പരിശോധിച്ചു. ഇനി വിജിലൻസിന്റെ പ്രാഥമിക പരിശോധന അവസാനിപ്പിക്കുകയോ തൽക്കാലത്തേയ്ക്കു നിർത്തിവയ്ക്കുകയോ മാത്രമേ ചെയ്യാൻ കഴിയൂ. ഇക്കാര്യത്തിൽ രാഷ്ട്രീയ തീരുമാനത്തിനായി വിജിലൻസ് ഉന്നതരും കാത്തിരിക്കുകയാണ്.
സാധാരണയായി സംസ്ഥാന വിജിലൻസ് ഇത്തരമൊരു അസാധാരണ സാഹചര്യം നേരിട്ടിട്ടില്ലെന്നു മുൻ വിജിലൻസ് ഉന്നതർ പറയുന്നു. സാധാരണയായി വിജിലൻസ് അന്വേഷിക്കുന്ന കേസ് കോടതിയുടെയോ സർക്കാരിന്റെയോ നിർദേശാനുസരണം സിബിഐ അന്വേഷണത്തിനു വിടുകയാണു പതിവ്. അങ്ങനെയെങ്കിൽ വിജിലൻസിന്റെ കൈവശമുള്ള രേഖകൾ സിബിഐക്കോ മറ്റ് അന്വേഷണ ഏജൻസികൾക്കോ കൈമാറുകയാണു പതിവ്. എന്നാൽ ഇവിടെ വിജിലൻസ് പ്രാഥമിക പരിശോധന പ്രഖ്യാപിച്ച അടുത്ത ദിവസങ്ങളിൽ സിബിഐ കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു.
എപ്പോഴും എഫ്ഐആർ രജിസ്റ്റർ ചെയ്തു നടത്തുന്ന അന്വേഷണങ്ങൾക്കാണ് നിയമസാധുത കൂടുതൽ. അതും സിബിഐ പോലുള്ള കേന്ദ്ര ഏജൻസികൾ. പ്രാഥമിക പരിശോധനയ്ക്ക് നിയമസാധുതയുണ്ടെങ്കിലും മറ്റൊരു ഏജൻസി കേസ് രജിസ്റ്റർ ചെയ്ത് അന്വേഷിക്കുന്ന സാഹചര്യത്തിൽ പ്രാഥമിക പരിശോധന നിയമപരമായി നിലനിൽക്കുമോ എന്ന സംശയവും നിലനിൽക്കുന്നുണ്ട്.
സിബിഐ അന്വേഷണം പ്രഖ്യാപിക്കുന്നതു മുന്നിൽ കണ്ടാണ് സംസ്ഥാന സർക്കാർ വിജിലൻസ് പരിശോധന പ്രഖ്യാപിച്ചതെന്നു നേരത്തെ ആരോപണം ഉയർന്നിരുന്നു. പദ്ധതി കരാറുമായി ബന്ധപ്പെട്ടു കോടികളുടെ ഇടപാടു നടന്നതായ ആരോപണം ഉയർന്നതോടെയാണ് അഴിമതി ആരോപണം ഏറെ ശ്രദ്ധേയമായത്.
കെ. ഇന്ദ്രജിത്ത്
ലൈഫ് അന്വേഷണം : വിജിലൻസ് നേരിടുന്ന അപൂർവ പ്രതിസന്ധി; പരിശോധന അപ്രസക്തം
01:25 AM Sep 26, 2020 | Deepika.com