കോട്ടയം: നാനോ സയൻസിലെ നൂതന കണ്ടുപിടുത്തങ്ങൾക്കും പോളിമർ രസതന്ത്രത്തിൽ നൽകിയ സംഭാവനകൾ പരിഗണിച്ചും എംജി സർവകലാശാല വൈസ് ചാൻസലർ പ്രഫ. സാബു തോമസിന് അന്താരാഷ്ട്ര പുരസ്കാരം. സ്വീഡനിലെ ഇന്റർനാഷണൽ അസോസിയേഷൻ ഓഫ് അഡ്വാൻസ്ഡ് മെറ്റീരിയൽസിന്റെ (ഐഎഎംഎം) മികവിനുള്ള പുരസ്കാരവും ഹോണററി ഫെലോ പദവിയുമാണ് ലഭിച്ചത്. നൂതനമായ നാനോ വസ്തുക്കൾ നിർമിക്കുന്നതിലെ സംഭാവനകളും പോളിമർ സയൻസിന്റെ സമഗ്ര സംഭാവനയും പരിഗണിച്ചാണു പുരസ്കാരം.
പോളിമർ സയൻസ്, നാനോ സയൻസ്, നാനോ ടെക്നോളജിയിൽ മികച്ച സംഭാവനകൾ നൽകിയിട്ടുള്ള പ്രഫ. സാബു തോമസിന്റെ ഗവേഷണ പ്രബന്ധമികവ് അളക്കുന്ന ഗൂഗിൾ എച്ച് ഇൻഡക്സ് സ്കോർ 101 ആണ്. ഇതുവരെ 107 പേർ അദ്ദേഹത്തിന്റെ കീഴിൽ പിഎച്ച്ഡി ചെയ്തിട്ടുണ്ട്.
സ്കൂൾ ഓഫ് കെമിക്കൽ സയൻസസിലെ പ്രഫസറായ ഡോ. സാബു തോമസ് 125ലധികം പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. രാജ്യാന്തര ജേർണലുകളിൽ ആയിരത്തിലധികം പ്രബന്ധങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇത് നിലവിൽ 48000 തവണ ഗവേഷണ പ്രബന്ധങ്ങളിലും മറ്റും അവലംബ വിധേയമായിട്ടുണ്ട്. മികച്ച അക്കാദമിക സംഭാവനകൾ വിലയിരുത്തി ലൊറൈൻ സർവകലാശാല ’പ്രഫസർ അറ്റ് ലൊറൈൻ’ പദവി നൽകി ആദരിച്ചിരുന്നു.
മിശ്രസംയുക്ത പദാർഥങ്ങളുടെ മേഖലയിലെ മികച്ച സംഭാവനകൾക്ക് 2017ൽ ലൊറൈൻ സർവകലാശാലയും 2015ൽ സൗത്ത് ബ്രിട്ട്നി സർവകലാശാലയും ’ഡോക്ടർ ഹൊണോറിസ് കോസ’ പദവി നൽകി. 2019ലെ സിഎൻആർ റാവു പ്രൈസ് ലക്ചർ പുരസ്കാരവും 2018ലെ മികച്ച അക്കാദമീഷ്യനുള്ള ’ട്രില’ പുരസ്കാരവും ലഭിച്ചു. ലണ്ടൻ റോയൽ സൊസൈറ്റി ഓഫ് കെമിസ്ട്രിയുടെ ഫെല്ലോഷിപ്പും സ്ലൊവേനിയ ജോസഫ് സ്റ്റീഫൻ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഡിസ്റ്റിംഗ്വിഷ്ഡ് പ്രഫസർഷിപ്പും നേടിയിട്ടുണ്ട്. 2016ലെ മികച്ച അധ്യാപകനുള്ള ഡോ. എ.പി.ജെ. അബ്ദുൾകലാം അവാർഡും 2017ലെ ഇന്ത്യൻ നാനോ ബയോളജിസ്റ്റ് അവാർഡും 2017ലെ നാഷണൽ എജ്യൂക്കേഷൻ ലീഡർഷിപ്പ് അവാർഡും കരസ്ഥമാക്കിയിട്ടുണ്ട്. ലോകത്തെ മികച്ച ശാസ്ത്രജ്ഞരെ കണ്ടെത്തുന്നതിനായി റഷ്യൻ സർക്കാർ നടത്തിയ മത്സരത്തിൽ ആറാം സ്ഥാനം നേടിയിരുന്നു. പോളിമർ നാനോ കോന്പോസിറ്റ്സ്, ബ്ലെൻഡ്സ്, ഗ്രീൻ ബയോ നാനോ ടെക്നോളജി, നാനോ ബയോമെഡിക്കൽ സയൻസ് എന്നീ മേഖലകളിൽ മികച്ച കണ്ടുപിടുത്തങ്ങൾ ഇദ്ദേഹത്തിന്റേതായിട്ടുണ്ട്. അഞ്ച് പേറ്റന്റുകൾ സ്വന്തമായുണ്ട്.
പ്രഫ. സാബു തോമസിന് അന്താരാഷ്ട്ര പുരസ്കാരം
01:37 AM Sep 25, 2020 | Deepika.com