മങ്കൊന്പ്: ബന്ധുവീട്ടിൽ വിരുന്നിനെത്തി ചൂണ്ടയിടുന്നതിനിടെ രണ്ടുപേർ മുങ്ങിമരിച്ചു. ആലപ്പുഴ വഴിച്ചേരി സെന്റ ജോസഫ് സ്ട്രീറ്റ് വിമൽ ഭവനത്തിൽ വിമൽരാജ് (38), സഹോദരപുത്രൻ ബെനഡിക്ട് (16) എന്നിവരാണ് മരിച്ചത്. രാവിലെ 11.45 ഓടെയാണ് അപകടം സംഭവിച്ചത്.
നെടുമുടി പാലത്തിനു സമീപത്തെ ബന്ധുവീട്ടിലെത്തിയ ഇരുവരും ആറ്റിൽ ചൂണ്ടയിട്ടുകൊണ്ടിരിക്കുകയായിരുന്നു. ഇതിനിടെ ചൂണ്ട ഉടക്കിയതിനെത്തുടർന്ന് ഇതെടുക്കുന്നതിനായി ഇറങ്ങിയ ബെനഡിക്ട് ഒഴുക്കിൽപെടുകയായിരുന്നു. സഹോദരപുത്രനെ രക്ഷിക്കുന്നതിനായി വെള്ളത്തിലേക്കു ചാടിയ വിമലും വെള്ളത്തിൽ മുങ്ങിത്താഴ്ന്നു. വിവരമറിഞ്ഞെത്തിയ ഫയർഫോഴ്സ് സംഘവും പോലീസും ചേർന്നു രണ്ടര മണിക്കൂറോളം നടത്തിയ തിരച്ചിലിലാണ് ഇരുവരുടെയും ശരീരങ്ങൾ കണ്ടെടുത്തത്. ആലപ്പുഴ അഗ്നിശമനസേനയുടെ സ്കൂബ ഡൈവിങ് സംഘത്തിനൊപ്പം നാട്ടുകാരും തെരച്ചിലിൽ പങ്കാളികളായി. ബെഞ്ചമിൻ, ഫാത്തിമ ദന്പതികളുടെ മകനാണ് ബെനഡിക്ട്. സഹോദരി : ഐശ്വര്യ. ബിൻസിയാണ് വിമലിന്റെ ഭാര്യ. മക്കൾ : കെവിൻ, അന്ന. ഇരുവരുടെയും സംസ്കാരം പിന്നീട്.
ചൂണ്ടയിടുന്നതിനിടെ രണ്ടു പേർ മുങ്ങിമരിച്ചു
01:21 AM Sep 25, 2020 | Deepika.com