കൊച്ചി/കോഴിക്കോട്: ആറളം, മലബാര്‍ വന്യജീവി സങ്കേതങ്ങളെ പരിസ്ഥിതിലോല പ്രദേശമായി പ്രഖ്യാപിക്കുന്നതിനു കേന്ദ്രസര്‍ക്കാര്‍ ഇറക്കിയ കരടു വിജ്ഞാപനം മലയാളത്തിലിറക്കാന്‍ ഹൈക്കോടതി കേന്ദ്രസര്‍ക്കാരിനു നിര്‍ദേശം നല്കി. എത്രയും വേഗം മലയാളത്തില്‍ കരടു വിജ്ഞാപനം ഇറക്കണമെന്നും ഇതു ബാധിക്കുന്നവര്‍ക്ക് എതിര്‍പ്പ് അറിയിക്കാന്‍ 60 ദിവസം സമയം നല്‍കണമെന്നും സിംഗിള്‍ ബെഞ്ചിന്റെ ഇടക്കാല ഉത്തരവില്‍ പറയുന്നു.
പരിസ്ഥിതിലോല മേഖലയുമായി ബന്ധപ്പെട്ട തുടര്‍ നടപടികളുമായി മുന്നോട്ടുപോകണമെങ്കില്‍ മലയാളത്തില്‍ കരട് വിജ്ഞാപനം ഇറക്കിയതിന്റെ പകര്‍പ്പ് കോടതിയില്‍ ഹാജരാക്കണമെന്നും ജസ്റ്റീസ് പി.വി. ആഷ നിര്‍ദേശിച്ചിട്ടുണ്ട്. ഫലത്തില്‍ കരട് വിജ്ഞാപനം സ്റ്റേ ചെയ്തില്ലെങ്കിലും കര്‍ഷകരെ ഏറെ ബാധിക്കുന്ന തുടര്‍ നടപടികള്‍ കോടതി വിധിയോടെ അനിശ്ചിതത്വത്തിലായി.
വിഫാം ചെയര്മാന് ജോയ് കണ്ണഞ്ചിറ ഉള്‍പ്പെടെയുള്ളവരാണ് കേസുമായി മുന്നോട്ടുപോയതും ആവശ്യമായ സഹായസഹകരണങ്ങള്‍ നല്‍കിയതെന്നും കേസില്‍ ഹാജരായ അഭിഭാഷകന് സുമിന്‍ എസ്. നെടുങ്ങാടന്‍ അറിയിച്ചു. ഇതോടൊപ്പം പ്രദേശവാസികള്‍ നല്കിയ ഹര്‍ജിയും സഹായകരമായി. കൂടുതല്‍ സമയം ലഭിക്കുന്നതോടെ നിയമപരമായി തുടര്‍ കാര്യങ്ങള്‍ ചെയ്യാന്‍ കര്‍ഷക സംഘടനകള്‍ക്കും ഹര്‍ജിക്കാര്‍ക്കും സമയം ലഭിക്കും. പെട്ടെന്നുതന്നെ തുടര്‍ നടപടിയുമായി മുന്നോട്ടുപോകാന്‍ സര്‍ക്കാരിനും കഴിയില്ല.
മലയാളത്തില്‍ വിജ്ഞാപനം ഇറങ്ങുന്നതോടെ കര്‍ഷകരെ ബാധിക്കുന്ന വിഷയങ്ങള്‍ ഏതെല്ലാമെന്ന് സാധാരണക്കാര്‍ക്ക് ഉള്‍പ്പെടെ മനസിലാക്കാനും കഴിയും. ഇംഗ്ലീഷിലും ഹിന്ദിയിലുമായി പ്രസിദ്ധീകരിച്ച വിജ്ഞാപനം മനസിലാക്കാന്‍ കഴിയുന്നില്ലെന്നും മലയാളത്തില്‍ ഇതു പ്രസിദ്ധീകരിക്കാന്‍ നിര്‍ദേശിക്കണമെന്നും ആവശ്യപ്പെട്ടു നല്കിയ ഹര്‍ജികളാണ് ഹൈക്കോടതി പരിഗണിച്ചത്.
മലബാറിനു വേണ്ടി രണ്ടാഴ്ച മുമ്പും ആറളത്തിനു വേണ്ടി പ്രദേശവാസികളായ ജോസ് മാനാംകുഴി, മനോജ് സെബാസ്റ്റ്യന്‍ എന്നിവര്‍ക്കായി 19-നും ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജികള്‍ ഒരുമിച്ച് പരിഗണിച്ചാണ് കഴിഞ്ഞ ദിവസം വന്ന ഉത്തരവ്. നഗരങ്ങള്‍ ഉള്‍പ്പെടെയുള്ള കണക്കനുസരിച്ച് ഇംഗ്ലീഷും ഹിന്ദിയും അറിയുന്നവര്‍ കേരളത്തില്‍ കുറവാണെന്നും അതിലും താഴെയാണ് മലയോരമേഖലയിലെന്നുമാണ് വാദിഭാഗം ഉന്നയിച്ചത്.
പുതിയ വിധിയോടെ പഴയ ഉത്തരവ് അസാധുവായി. ആറളം വന്യജീവി സങ്കേതവുമായി ബന്ധപ്പെട്ടു പരാതി ബോധിപ്പിക്കാനുള്ള അവസാന തീയതി സെപ്റ്റംബര്‍ 20 ആയിരുന്നു. മലബാര്‍ വന്യജീവി സങ്കേതവുമായി ബന്ധപ്പെട്ടുള്ള പരാതികള്‍ നല്‍കേണ്ട തീയതി ഒക്ടോബര്‍ അഞ്ചിനാണ്. പുതിയ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ഇരുകൂട്ടര്‍ക്കും 60 ദിവസം കൂടി സമയം ലഭിക്കും.
കര്‍ഷക പടപ്പുറപ്പാട് സമരം മാറ്റിവച്ചു
താമരശേരി: കര്‍ഷക രക്ഷാസമിതി രക്ഷാധികാരിയും താമരശേരി ബിഷപ്പുമായ മാര്‍ റെമിജിയോസ് ഇഞ്ചനാനിയിലിന്റെ നേതൃത്വത്തില്‍ 28, 29 തീയതികളില്‍ നടത്താനിരുന്ന കര്‍ഷക പടപ്പുറപ്പാട് പ്രചാരണ വാഹന ജാഥ മാറ്റിവച്ചു. കരടു വിജ്ഞാപനം മലയാളത്തിലിറക്കാന്‍ ഹൈക്കോടതി കേന്ദ്ര സര്‍ക്കാരിനു നിര്‍ദേശം നല്കിയ സാഹചര്യത്തിലാണിത്.
കരടു വിജ്ഞാപനം മലയാളത്തിലിറക്കാന്‍ കേന്ദ്രത്തിനു ഹൈക്കോടതി നിര്‍ദേശം
01:21 AM Sep 25, 2020 | Deepika.com