തിരുവനന്തപുരം: മന്ത്രി വി.എസ്. സുനിൽകുമാറിന് കോവിഡ് സ്ഥിരീകരിച്ചു. ചികിത്സയുടെ ഭാഗമായി അദ്ദേഹത്തെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ മന്ത്രിസഭാ യോഗത്തിൽ ഓണ്‍ലൈനായി പങ്കെടുക്കുന്നതിനിടയിലാണു കോവിഡ് സ്ഥിരീകരിച്ചു കൊണ്ടുള്ള പരിശോധനാ ഫലം വന്നത്. മന്ത്രി തന്നെയാണ് ഇക്കാര്യം മന്ത്രിസഭയെ അറിയിച്ചത്. നേരത്തെ ഡോ. തോമസ് ഐസക്, ഇ.പി. ജയരാജൻ എന്നിവർക്കു കോവിഡ് സ്ഥിരീകരിച്ചിരുന്നു.
കേന്ദ്ര സർക്കാർ കൊണ്ടുവന്ന കാർഷിക വിരുദ്ധ ബില്ലിനെ നിയമപരമായി നേരിടാൻ സംസ്ഥാനം സുപ്രീംകോടതിയെ സമീപിക്കുന്നത് അടക്കമുള്ള അജൻഡ കൃഷി വകുപ്പാണ് മന്ത്രിസഭയുടെ പരിഗണനയിൽ കൊണ്ടു വന്നത്. മന്ത്രി ആവശ്യപ്പെട്ടതിനെ തുടർന്ന് ഉച്ചയ്ക്ക്മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. മന്ത്രിയുമായി നേരിട്ട് ബന്ധപ്പെട്ട പേഴ്സണൽ സ്റ്റാഫ് അംഗങ്ങളും നിരീക്ഷണത്തിൽ പ്രവേശിച്ചു. രണ്ട് എംഎൽഎമാർക്കും ഇന്നലെ കോവിഡ് സ്ഥിരീകരിച്ചിരുന്നു.
കൃഷി മന്ത്രി സുനിൽകുമാറിനു കോവിഡ്
01:08 AM Sep 24, 2020 | Deepika.com