വൈപ്പിന്‍: ചെറായി സ്വദേശിയായ യുവാവിനെ കുഴുപ്പിള്ളി ബീച്ച് റോഡില്‍ അടിച്ചു കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. ചെറായി പാഞ്ചാലത്തുരുത്ത് കല്ലുമഠത്തില്‍ പരേതനായ പ്രസാദിന്റെ മകന് പ്രണവ്(23) ആണ് കൊലചെയ്യപ്പെട്ടത്. സംഭവത്തെത്തുടര്‍ന്ന് വൈകുന്നേരത്തോടെ ആലുവ റൂറല്‍ എസ്പിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം പ്രതികളിലൊരാളെ അയ്യമ്പിള്ളിയില്നിന്ന് അറസ്റ്റ് ചെയ്തു. അയ്യമ്പിള്ളി കൈപ്പന്‍ വീട്ടില്‍ അമ്പാടി(19) ആണ് അറസ്റ്റിലായത്.
ചൊവ്വാഴ്ച പുലര്‍ച്ചെ നാലോടെയായിരുന്നു സംഭവം. പ്രണവിനെ വിളിച്ചുവരുത്തി റോഡിലിട്ട് അടിച്ചു കൊലപ്പെടുത്തിയശേഷം കൊലപാതക സംഘം സ്ഥലം വിടുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. സംഭവം നടന്ന് 15 മണിക്കൂറുകള്‍ക്കുള്ളിലാണ് പ്രതികളില്‍ ഒരാളായ അന്പാടിയെ പോലീസ് അറസ്റ്റ് ചെയ്തത്. കൂട്ടുപ്രതികളെക്കുറിച്ച് വ്യക്തമായ സൂചനകള്‍ ലഭിച്ചതായും, ഇവർ ഉടന്‍ പിടിയിലാകുമെന്നും പോലീസ് പറഞ്ഞു. പുലർച്ചെ അഞ്ചോടെ കടലില്‍ പോകാനെത്തിയ മത്സ്യത്തൊഴിലാളികളാണ് മൃതദേഹം ആദ്യം കണ്ടത്. മൃതദേഹം കളമശേരി മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്ക് മാറ്റി. ഷെറീനയാണ് പ്രണവിന്റെ മാതാവ്, സഹോദരന്: സൗരവ്.
യുവാവിനെ അടിച്ചു കൊലപ്പെടുത്തി; പ്രതികളില്‍ ഒരാള്‍ അറസ്റ്റില്‍
12:00 AM Sep 23, 2020 | Deepika.com