തിരുവനന്തപുരം: കന്റോണ്മെന്റ് അസിസ്റ്റന്റ് പോലീസ് കമ്മീഷണർക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു. നഗരത്തിലെ സമരങ്ങൾ നിയന്ത്രിക്കുന്നതിനു പുറമേ മുഖ്യമന്ത്രി ഉൾപ്പെടെയുള്ള പ്രമുഖരുടെ പരിപാടികൾക്കു സുരക്ഷാ ചുമതല വഹിച്ചിരുന്ന എസിപിക്കു കോവിഡ് രോഗം പിടിപെട്ടത് തലസ്ഥാനത്തെ കടുത്ത ആശങ്കയിലാക്കിയിട്ടുണ്ട്. വിപുലമായ സന്പർക്ക പട്ടികയാണ് എസിപിയുടേത്.
കഴിഞ്ഞ ദിവസങ്ങളിൽ നഗരത്തിൽ നടന്ന സമരങ്ങൾ നിയന്ത്രിക്കുന്നതിൽ മുന്നിൽ ഉണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥാനാണ് ഇദ്ദേഹം. കഴിഞ്ഞ വെള്ളിയാഴ്ച പോലീസ് ആസ്ഥാനത്തിനു മുന്നിൽ എംഎൽഎമാരായ ഷാഫി പറന്പിലിന്റെയും കെ.എസ്. ശബരിനാഥിന്റെയും നേതൃത്വത്തിൽ സമരം നടന്നപ്പോൾ അവരെ അറസ്റ്റ് ചെയ്തു നീക്കിയതും ഇദ്ദേഹത്തിന്റെ നേതൃത്വത്തിലായിരുന്നു. ഇതേത്തുടർന്ന് ഷാഫി പറന്പിലും കെ.എസ്. ശബരിനാഥും ക്വാറന്റൈനിൽ പോയി. ഇന്നലെ രാവിലെ മുഖ്യമന്ത്രി പങ്കെടുത്ത ശ്രീനാരായണ ഗുരു പ്രതിമ അനാച്ഛാദന ചടങ്ങിലും ഇദ്ദേഹം പങ്കെടുത്തു. സമരങ്ങളിൽ പങ്കെടുത്ത ബിജെപി നേതാക്കളായ കെ. സുരേന്ദ്രനും, വി.വി. രാജേഷും സന്പർക്കപ്പട്ടികയിലുണ്ട്. ഗണ്മാന് കോവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്നു തിരുവനന്തപുരം സിറ്റി പോലിസ് കമ്മീഷണർ ബൽറാംകുമാർ ഉപാധ്യായ നിരീക്ഷണത്തിൽ പോയി.
പേരൂർക്കട എസ്എപി ക്യാന്പിലെ ഏഴു പോലീസുകാർക്കും തുന്പ സ്റ്റേഷനിലെ പതിനൊന്നു പേർക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
കന്റോണ്മെന്റ് അസി. കമ്മീഷണർക്കു കോവിഡ്: എസിപിയുടേതു വിപുലമായ സന്പർക്കപ്പട്ടിക
01:00 AM Sep 22, 2020 | Deepika.com