തിരുവനന്തപുരം: കേരളത്തിൽ ഇന്നും നാളെയും അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ബംഗാൾ ഉൾക്കടലിൽ ഇന്ന് ഉച്ചയോടെ രൂപപ്പെടുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന ന്യൂനമർദമാണ് കേരളത്തിൽ കനത്ത മഴ പെയ്യാൻ കാരണമാവുക. ഇതിനൊപ്പം ദിവസങ്ങൾക്കു മുൻപ് തെക്കൻ ചൈന കടലിൽ രൂപം കൊണ്ട ന്യോൾ ചുഴലിക്കാറ്റ് ദുർബലമായി ബംഗാൾ ഉൾക്കടലിലേക്കു പ്രവേശിച്ചിട്ടുണ്ട്. നിലവിലെ ന്യൂനമർദ മേഖലയുമായി ഇത് സംയോജിക്കുന്നതോടെ ഇന്നു രൂപപ്പെടാൻ സാധ്യതയുള്ള ന്യൂനമർദത്തിന്റെ തീവ്രതയേറുകയും രാജ്യത്തിന്റെ പല ഭാഗത്തും അതിശക്തമായ മഴ പെയ്യുമെന്നുമാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം.
ഇടുക്കി, മലപ്പുറം, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഇന്ന് റെഡ് അലർട്ടും കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, കോഴിക്കോട്, വയനാട് ജില്ലകളിൽ ഓറഞ്ച് അലർട്ടും മറ്റു ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു.
നാളെ കൊല്ലം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിൽ യെല്ലോ അലർട്ടും തിരുവനന്തപുരം ഒഴികെയുള്ള മറ്റെല്ലാ ജില്ലകളിലും ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. മീൻപിടിത്തക്കാർ കടലിൽ പോകരുതെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പു നൽകി.
കാലവർഷത്തിനു കൊട്ടിക്കലാശമൊരുക്കാൻ "ന്യോൾ' ചുഴലിക്കാറ്റ് ബംഗാൾഉൾക്കടലിൽ
12:52 AM Sep 20, 2020 | Deepika.com