തിരുവനന്തപുരം: ചാർട്ടേഡ് അക്കൗണ്ട്സ്/ കോസ്റ്റ് ആൻഡ് വർക്ക് അക്കൗണ്ട്സ് (കോസ്റ്റ് ആൻഡ് മാനേജ്മെന്റ് അക്കൗണ്ട്സ്)/ കമ്പനി സെക്രട്ടറിഷിപ് കോഴ്സുകൾക്കു പഠിക്കുന്ന ന്യൂനപക്ഷ മതവിഭാഗങ്ങളിലെ ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുടുംബങ്ങളിലെ വിദ്യാർഥികൾക്കായുള്ള സ്കോളർഷിപ്പിന് ന്യൂനപക്ഷക്ഷേമ വകുപ്പ് അപേക്ഷ ക്ഷണിച്ചു.
സംസ്ഥാനത്ത് പഠിക്കുന്ന സ്ഥിരതാമസക്കാരായ മുസ്ലീം, ക്രിസ്ത്യൻ മതവിഭാഗങ്ങളിൽപ്പെട്ടതും എട്ടുലക്ഷം രൂപയിൽ താഴെ വാർഷിക വരുമാനമുള്ളവരുമായ അവസാന വർഷ പരീക്ഷയെഴുതുന്ന വിദ്യാർഥികൾക്ക് അപേക്ഷിക്കാം. ബിപിഎൽ വിഭാഗത്തിൽപ്പെട്ടവർക്ക് മുൻഗണന. ബിപിഎൽ അപേക്ഷകരുടെ അഭാവത്തിൽ മാത്രമേ എപിഎൽ വിഭാഗത്തെ പരിഗണിക്കൂ. 60 ശതമാനം മാർക്ക് നേടുന്ന ബികോം അല്ലെങ്കിൽ മറ്റു ബിരുദധാരികളിൽനിന്നും മെറിറ്റിന്റെയും വരുമാനത്തിന്റെയും അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. ബിപിഎൽ വിഭാഗക്കാർ നിർബന്ധമായും റേഷൻ കാർഡിന്റെ പകർപ്പ് നൽകണം.
30 ശതമാനം സ്കോളർഷിപ്പ് പെൺകുട്ടികൾക്ക് സംവരണം ചെയ്തിട്ടുണ്ട്. വിദ്യാർഥികളെ തെരഞ്ഞെടുക്കുന്നത് കുടുംബവാർഷിക വരുമാനത്തിന്റെയും മെറിറ്റിന്റെയും അടിസ്ഥാനത്തിലായിരിക്കും. മുൻ വർഷങ്ങളിൽ ഫൗണ്ടേഷൻ, ഇന്റർമീഡിയറ്റ്, ഫൈനൽ കോഴ്സുകൾക്ക് സ്കോളർഷിപ്പ് ലഭിച്ചവർ അപേക്ഷിക്കേണ്ടതില്ല. 15,000 രൂപയാണ് സ്കോളർഷിപ്പ് തുക. അപേക്ഷകർക്ക് ഏതെങ്കിലും ദേശസാത്കൃത ബാങ്കിൽ സ്വന്തം പേരിൽ അക്കൗണ്ട് ഉണ്ടായിരിക്കണം. www.minority welfare.kerala.gov.in ൽ ഓൺലൈനായി ഒക്ടോബർ 30 വരെ അപേക്ഷിക്കാം. വിശദാംശങ്ങൾക്ക് ഫോൺ: 04712300524.
അക്കൗണ്ട്സ് കോഴ്സുകളിലെ ന്യൂനപക്ഷ വിദ്യാർഥികൾക്ക് സ്കോളർഷിപ്പ്
12:19 AM Sep 18, 2020 | Deepika.com