കോട്ടയം: കേരള നിയമസഭയിൽ അഞ്ചു പതിറ്റാണ്ടു പൂർത്തിയാക്കുന്ന മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് ഇന്നു ജനകീയ ആദരവ്. കോട്ടയം മാമ്മൻ മാപ്പിള ഹാളിൽ വൈകുന്നേരം അഞ്ചിനു ചേരുന്ന സമ്മേളനം കോണ്‍ഗ്രസ് ദേശീയ അധ്യക്ഷ സോണിയഗാന്ധി സൂം മീറ്റിംഗിലൂടെ ഉദ്ഘാടനം ചെയ്യും. കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ അധ്യക്ഷത വഹിക്കും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആമുഖ പ്രസംഗം നടത്തും. രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക, ആത്മീയരംഗങ്ങളിലെ പ്രമുഖർ നേരിട്ടും ഓണ്‍ലൈനായും ആശംസകൾ അർപ്പിക്കും.
രാത്രി ഏഴു മുതൽ എട്ടുവരെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളവരുമായി ഉമ്മൻ ചാണ്ടി ഓണ്‍ലൈനിൽ സംവദിക്കും. രാവിലെ ഒന്‍പതു മുതൽ പുതുപ്പള്ളി മണ്ഡലത്തിലെ ഒന്‍പത് പഞ്ചായത്തുകളിലും ഉമ്മൻ ചാണ്ടിക്ക് സ്വീകരണം ഒരുക്കിയിട്ടുണ്ട്. കോട്ടയം ജില്ലയിലെ 500 കേന്ദ്രങ്ങളിലും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലും ചടങ്ങുകൾ തത്സമയം കാണുന്നതിനുള്ള ക്രമീകരണവുമുണ്ട്.
ഉച്ചകഴിഞ്ഞു മൂന്നിന് ദേശഭക്തിഗാനത്തോടെ മാമ്മൻ മാപ്പിള ഹാളിൽ ചടങ്ങുകൾ തുടങ്ങും. രാഹുൽ ഗാന്ധി, എ.കെ.ആന്റണി, മുകൾ വാസ്നിക്, വയലാർ രവി, കെ.സി. വേണുഗോപാൽ, കോടിയേരി ബാലകൃഷ്ണൻ, സീറോ മലബാർ സഭാ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി, മലങ്കര സുറിയാനി കത്തോലിക്കാ സഭാ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കബാവ, ആർച്ച്ബിഷപ് മാർ ജോസഫ് പവ്വത്തിൽ, ബിഷപ് ഡോ. സെബാസ്റ്റ്യൻ തെക്കത്തെച്ചേരിൽ, എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻനായർ, ചലച്ചിത്രതാരങ്ങളായ മമ്മൂട്ടി, മോഹൻലാൽ, പൃഥ്വിരാജ്, മഞ്ജു വാര്യർ, സുഗതകുമാരി എന്നിവർ ആശംസകൾ അർപ്പിക്കും.
കോട്ടയം ആർച്ച്ബിഷപ് മാർ മാത്യു മൂലക്കാട്ട്, ജോസഫ് മാർത്തോമ്മ മെത്രാപ്പോലീത്ത, ഗീവർഗീസ് മാർ കൂറിലോസ്, തോമസ് മാർ തീമോത്തിയോസ്, കുര്യാക്കോസ് മാർ സേവേറിയോസ്, ബിഷപ് തോമസ് കെ. ഉമ്മൻ, ദീപിക ചീഫ് എഡിറ്റർ റവ.ഡോ. ജോർജ് കുടിലിൽ, മിസോറം മുൻ ഗവർണർ കുമ്മനം രാജശേഖരൻ, കാനം രാജേന്ദ്രൻ, സാദിഖ് അലി തങ്ങൾ, സ്വാമി അമൃതസ്വരൂപ, ഗുരുരത്നം ജ്ഞാന തപസ്വി, പി.ജെ. ജോസഫ്, ജോസ് കെ. മാണി, എം.കെ. മുനീർ, തിരുവഞ്ചൂർ രാധാകൃഷ്ണൻ, കെ.സി. ജോസഫ് തുടങ്ങിയവർ നേരിൽ ആശംസകൾ അർപ്പിക്കും. www.videostream.co.in//oomma nchandi എന്ന ലിങ്കിലൂടെ ചടങ്ങുകൾ തത്സമയം കാണാം.
നിയമസഭയിൽ അഞ്ചു പതിറ്റാണ്ട്
12:26 AM Sep 17, 2020 | Deepika.com