പൊൻകുന്നം: ഇളങ്ങുളത്ത് വീടിന് സമീപമുള്ള റബർമരം തൊഴിലാളികൾ വെട്ടിയിടുന്നതിനിടെ ദേഹത്ത് വീണ് ഗൃഹനാഥൻ മരിച്ചു. ഇളങ്ങുളം പന്തമാക്കൽഭാഗം ഗിരിനിലയം ശിവശങ്കര പണിക്കരാ(അപ്പു-68)ണ് മരിച്ചത്. ഇന്നലെ രാവിലെ 11.15നായിരുന്നു സംഭവം. വീടിനു മുകളിലേക്ക് ചാഞ്ഞുനിൽക്കുന്ന ഏതാനും റബർമരങ്ങൾ മുറിച്ചുനീക്കുന്നതിനിടെയാണ് അപകടം. പറന്പിൽ നിൽക്കുകയായിരുന്ന ശിവശങ്കര പണിക്കർ ഓടിമാറാൻ ശ്രമിച്ചെങ്കിലും കല്ലിൽ തട്ടിവീണ് ശരീരത്തിലേക്ക് മരച്ചില്ലകൾ പതിക്കുകയായിരുന്നു. ഉടൻ തന്നെ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പൈക കെഎംഎസ് ബസ് കന്പനിയിലെ റിട്ട. ഡ്രൈവറാണ് ശിവശങ്കര പണിക്കർ. ഇളങ്ങുളം കളത്തൂർ കുടുംബാംഗമാണ്. മൃതദേഹം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. കോവിഡ് പരിശോധനയ്ക്കു ശേഷം പോസ്റ്റ്മോർട്ടം നടത്തും. ഭാര്യ ശ്യാമളകുമാരി ഇളങ്ങുളം മാടത്താനിൽ കുടുംബാംഗം. മക്കൾ: ഗിരിശങ്കർ (ഹാർഡ് വെയർ എൻജിനിയർ, ബംഗളൂരു), മായ. മരുമക്കൾ: ശരണ്യ, മധുസൂദനൻ നായർ. സംസ്കാരം ഇന്ന് നാലിന് വീട്ടുവളപ്പിൽ.
വെട്ടിയിടുന്നതിനിടെ റബർമരം ദേഹത്ത് വീണ് ഗൃഹനാഥൻ മരിച്ചു
12:12 AM Aug 14, 2020 | Deepika.com