തിരുവനന്തപുരം: മാധ്യമപ്രവർത്തകർക്കെതിരായ സൈബർ ആക്രമണങ്ങളിൽ വ്യക്തമായ മറുപടി പറയാതെ മുഖ്യമന്ത്രി പിണറായി വിജയൻ.
ആരോഗ്യകരമായ സംവാദം ഏതു കാര്യത്തിലും നടക്കട്ടെ എന്നു പറഞ്ഞ മുഖ്യമന്ത്രി, മാധ്യമ പ്രവർത്തകർക്കെതിരായ സൈബർ ആക്രമണം ശ്രദ്ധയിൽ പെട്ടിട്ടില്ലെന്നു പറഞ്ഞു. സംവാദമാണോ അധിക്ഷേപമാണോ വിമർശനമാണോ നടന്നതെന്നു പരിശോധിക്കട്ടെ എന്നു മാത്രമായിരുന്നു മാധ്യമപ്രവർത്തകരുടെ ആവർത്തിച്ചുള്ള ചോദ്യത്തിനു മുഖ്യമന്ത്രിയുടെ മറുപടി.
താൻ ആരെയും വ്യക്തിപരമായി വിമർശിച്ചിട്ടില്ല. താൻ പറഞ്ഞത് മാധ്യമങ്ങളേക്കുറിച്ചാണ്. വിമർശനമുന്നയിക്കുന്നവരെ കൈകാര്യം ചെയ്തു കളയാം എന്ന നിലപാട് തനിക്കോ പാർട്ടിക്കോ ഇല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പഴയ മുഖ്യമന്ത്രിക്കെതിരേകൂടി ആരോപണമുന്നയിക്കുന്നുണ്ടോ എന്നു സംശയിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.
ലൈഫ് മിഷൻ പദ്ധതിയിലെ വിദേശ സഹായത്തിനു കമ്മീഷൻ കൈപ്പറ്റിയ വിഷയത്തിൽ മുഖ്യമന്ത്രിക്കെതിരേ പ്രതിപക്ഷ നേതാവ് ഉന്നയിച്ച ആക്ഷേപങ്ങൾ ശ്രദ്ധയിൽ പെടുത്തിയപ്പോഴായിരുന്നു മുഖ്യമന്ത്രി ഇങ്ങനെ പ്രതികരിച്ചത്.
മാധ്യമ പ്രവർത്തകർക്കെതിരായ സൈബർ ആക്രമണം: വ്യക്തമായ നിലപാടില്ലാതെ മുഖ്യമന്ത്രി
03:10 AM Aug 11, 2020 | Deepika.com