കൊച്ചി: മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് 130 അടിയിലേക്കു താഴ്ത്തണമെന്നാവശ്യപ്പെട്ടു സേവ് കേരള ബ്രിഗേഡ് പ്രസിഡന്റ് അഡ്വ. റസ്സൽ ജോയ് സുപ്രീംകോടതിയിൽ ഫയൽ ചെയ്ത ഹർജി ഈ മാസം 24നു പരിഗണിക്കും. കഴിഞ്ഞ ജൂലൈ 25നാണ് ഹർജി നല്കിയത്. നിലവിലെ സാഹചര്യത്തിൽ ജലനിരപ്പ് താഴ്ത്തേണ്ടത് അനിവാര്യമാണെന്നു ഹർജിയിൽ പറയുന്നു.
മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പിനെ സംബന്ധിച്ചു മാധ്യമങ്ങളിൽ വൈരുധ്യമുള്ള റിപ്പോർട്ടുകൾ വരുന്ന സാഹചര്യത്തിൽ കൃത്യമായ വിവരം ജനങ്ങളെ അറിയിക്കാനുള്ള സംവിധാനം സർക്കാർ ഒരുക്കണമെന്ന് ആവശ്യപ്പെട്ടു സേവ് കേരള ബ്രിഗേഡ് ജനറൽ സെക്രട്ടറി അമൃതാപ്രീതം മുഖ്യമന്ത്രിക്കും വൈദ്യുതി, ജലസേചന മന്ത്രിമാർക്കും കത്തയച്ചു.
കേരളത്തിലെ മറ്റു ഡാമുകളിലെ ജലനിരപ്പ് സമയാസമയം അറിയിക്കുന്നതുപോലെ മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പും തുറന്നുവിടാനുള്ള സാധ്യതകളും ജനങ്ങളെ യഥാസമയം അറിയിക്കണം. അതിവൃഷ്ടിയും വെള്ളപ്പൊക്കവും തുടർക്കഥയാകുന്ന സാഹചര്യത്തിൽ കേരളത്തിലെ ഡാമുകളിൽ നിരീക്ഷണം കാര്യക്ഷമമാക്കാൻ കമ്പ്യൂട്ടറൈസ്ഡ് ഡിജിറ്റൽ മോണിറ്ററിംഗ് സംവിധാനം സ്ഥാപിക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടു.
മുല്ലപ്പെരിയാർ ജലനിരപ്പ്; ഹർജി 24ന് സുപ്രീംകോടതിയിൽ
01:05 AM Aug 09, 2020 | Deepika.com