കോട്ടയം: ഷോക്കേറ്റ് റേഷൻ കടയുടമ മരിച്ചു. നട്ടാശേരി തൈമൂട്ടത്തിൽ വി.എ. തങ്കച്ചൻ (64) ആണ് മരിച്ചത്. ഇന്നലെ ഉച്ചകഴിഞ്ഞു 2.30നാണു സംഭവം. കൊശമറ്റം കവലയ്ക്കു സമീപമാണ് തങ്കച്ചന്റെ റേഷൻ കടയും മില്ലും പ്രവർത്തിക്കുന്നത്.
ഈ ഭാഗങ്ങളിൽ വെള്ളം കയറിയതോടെ തങ്കച്ചൻ കടയിലെത്തി മോട്ടോറിന്റെ വൈദ്യുതി കണക്ഷൻ വിച്ഛേദിക്കുന്നതിനിടയിലാകാം ഷോക്കേറ്റതെന്നു സംശയിക്കുന്നതായി പോലീസ് പറഞ്ഞു. തങ്കച്ചനെ കാണാതെ വന്നതോടെ മകൻ അന്വേഷിച്ചെത്തിയപ്പോഴാണ് വെള്ളത്തിൽ വീണു കിടക്കുന്നതു കണ്ടത്. തുടർന്നു പോലീസെത്തി മൃതദേഹം കോട്ടയം മെഡിക്കൽ കോളജിലേക്കു മാറ്റി.
മൃതദേഹം പോസ്റ്റുമോർട്ടം നടത്തി ഇന്നു ബന്ധുക്കൾക്കു വിട്ടുനൽകും. മുൻവർഷങ്ങളിൽ വെള്ളപ്പൊക്കമുണ്ടാകുന്പോൾ തന്നെ കെഎസ്ഇബി അധികൃതർ എത്തി ഇവിടുത്തെ വൈദ്യുതി ഓഫ് ചെയ്തിരുന്നു. ഇന്നലെ തങ്കച്ചന്റെ മൃതദേഹം കണ്ടെത്തിയതിനുശേഷമാണ് വൈദ്യുതി ബന്ധം വിച്ഛേദിച്ചതെന്നും കഐസ്ഇബി അധികൃതരുടെ അനാസ്ഥയാണ് അപകടത്തിനു പിന്നിലെന്നും നാട്ടുകാർ പരാതിപ്പെട്ടു. ഭാര്യ: സൂസമ്മ മക്കൾ: മീര (ഓസ്ട്രേലിയ), മിനു (ദുബായ്), മിഥുൻ. സംസ്കാരം പീന്നിട്.
ഷോക്കേറ്റ് റേഷൻ കടയുടമ മരിച്ചു
12:17 AM Aug 09, 2020 | Deepika.com