പത്തനംതിട്ട: ചിറ്റാർ കുടപ്പനയിൽ വനപാലകരുടെ കസ്റ്റഡിയിൽ മരിച്ച പടിഞ്ഞാറെച്ചരുവിൽ പി.പി. മത്തായിയുടെ സംസ്കാരം നടത്തുന്നതു സംബന്ധിച്ച് സംസ്ഥാന സർക്കാർ നിർദേശപ്രകാരം ജില്ലാ കളക്ടർ ബന്ധുക്കളുമായി നടത്തിയ ചർച്ച അലസിപ്പിരിഞ്ഞു. പത്തനംതിട്ട ജില്ലാ കളക്ടർ പി.ബി. നൂഹ് മത്തായിയുടെ ബന്ധുക്കളുമായി വീഡിയോ കോണ്‍ഫറൻസിലൂടെയാണ് ചർച്ച നടത്തിയത്.
ആന്റോ ആന്റണി എംപി, കെ.യു. ജനീഷ് കുമാർ എംഎൽഎ, ജില്ലാ പോലീസ് മേധാവി കെ.ജി. സൈമണ്‍, സബ് കളക്ടർ ഡോ.വിനയ് ഗോയൽ എന്നിവരും ചർച്ചയിൽ പങ്കെടുത്തു. നിലവിലെ സാഹചര്യത്തിൽ മൃതദേഹം സംസ്കരിക്കണമെന്നും കേസന്വേഷണം പൂർത്തിയായെങ്കിലേ നടപടികൾ സംബന്ധിച്ച് തീരുമാനമുണ്ടാകുകയുള്ളൂവെന്നും ജില്ലാ പോലീസ് മേധാവി ബന്ധുക്കളെ അറിയിച്ചു. മൃതദേഹം എത്രയുംവേഗം സംസ്കരിക്കാനുള്ള തീരുമാനത്തിലെത്തണമെന്ന് ജില്ലാ കളക്ടറും പറഞ്ഞു. എന്നാൽ ബന്ധുക്കൾ ഇതംഗീകരിച്ചില്ല.
മത്തായി വനപാലകരുടെ കസ്റ്റഡിയിലാണ് മരിച്ചതെന്നതിനാൽ കേസെടുത്ത് ഉത്തരവാദപ്പെട്ടവരെ അറസ്റ്റു ചെയ്തെങ്കിൽ മാത്രമേ മൃതദേഹം സംസ്കരിക്കുകയുള്ളൂവെന്ന നിലപാടിൽ ഉറച്ചുനിൽക്കുന്നതായി ചർച്ചയിൽ പങ്കെടുത്ത മത്തായിയുടെ ഭാര്യ ഷീബയും സഹോദരൻ പി.പി. വിൽസും അറിയിച്ചു. അഭിഭാഷകൻ ജോണി കെ. ജോർജ്, കുടപ്പന ഓർത്തഡോക്സ് ഇടവക വികാരി റവ.ബസലേൽ റന്പാൻ എന്നിവരും ചർച്ചയിൽ പങ്കെടുത്തിരുന്നു.
കഴിഞ്ഞ 28നാണ് യുവകർഷകനായ മത്തായി വനപാലകരുടെ കസ്റ്റഡിയിൽ മരിച്ചത്. കുടുംബവീടിനു സമീപത്തെ കിണറ്റിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു. പോസ്റ്റുമോർട്ടം നടപടികൾ പൂർത്തീകരിച്ച് മൃതദേഹം മോർച്ചറിയിൽ സൂക്ഷിക്കാൻ തുടങ്ങിയിട്ട് ഇന്നലെ ഒരാഴ്ച പിന്നിട്ടു. അന്വേഷണം നടത്തുന്ന പോലീസ് സംഘം തെളിവുകൾ പരമാവധി കണ്ടെത്താനുള്ള ശ്രമത്തിലാണ്. ഇതിൽ വനപാലകർ സഹകരിക്കുന്നില്ലെന്നാണ് അവരുടെ ആക്ഷേപം. മത്തായിയുടെ നഷ്ടപ്പെട്ട രണ്ട് മൊബൈൽ ഫോണുകൾ കണ്ടെത്താനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നത്.
എംഎൽഎമാരായ രാജു ഏബ്രഹാം, വീണാ ജോർജ് എന്നിവർ മത്തായിയുടെ വീട്ടിലെത്തി കുടുംബാംഗങ്ങളെ കണ്ടിരുന്നു. കുടുംബത്തിന് നീതി ഉറപ്പാക്കാനാവശ്യമായ നടപടികൾ ഇവർ വാഗ്ദാനം ചെയ്തു. ഇതിനിടെ മത്തായിയുടെ മരണത്തിൽ നടപടികൾ വൈകുന്നതിനെതിരെ കുടപ്പന - കട്ടച്ചറി ദേശസമിതി പ്രവർത്തകർ ഇന്ന് മുതൽ മത്തായിയുടെ വീട്ടുപടിക്കൽ ഷെഡ് കെട്ടി സമരം ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. രാഷ്ട്രീയ കിസാൻ മഹാസംഘ് തിങ്കളാഴ്ച മുതൽ വിവിധ കർഷകസംഘടനകളുടെ സഹകരണത്തിൽ സമരം ആരംഭിക്കുമെന്ന് സംസ്ഥാന ചെയർമാൻ അഡ്വ.വി.സി. സെബാസ്റ്റ്യൻ അറിയിച്ചു.
മത്തായിയുടെ സംസ്കാരം: കളക്ടറുടെ ചർച്ചയിൽ തീരുമാനമില്ല
01:13 AM Aug 08, 2020 | Deepika.com