കോട്ടയം: കന്യാസ്ത്രീകളുടെ പരാതിയിൽ വിചാരണക്കോടതിയിൽ ഹാജരാകാതിരുന്ന ബിഷപ് ഫ്രാങ്കോ മുളയ്ക്കലിന് ഉപാധികളോടെ ജാമ്യം. വിചാരണ കോടതിയായ കോട്ടയം സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. കുറ്റപത്രം വായിച്ചു കേൾപ്പിക്കുന്നതുവരെ ജില്ല വിട്ടു പോകരുതെന്നും ഇനിയുള്ള എല്ലാ വിചാരണദിവസങ്ങളിലും കോടതിയിൽ ഹാജരാകണമെന്നും നിർദേശിച്ചു.
നേരത്തെ കോടതിയിൽ ബിഷപ് ഫ്രാങ്കോയ്ക്കായി ഹാജരായ രണ്ടു ജാമ്യക്കാർക്കും പകരം പുതിയ ജാമ്യക്കാർ വരണമെന്നു കോടതി നിർദേശിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ പുതിയ രണ്ടു ജാമ്യക്കാരെ ഹാജരാക്കി. കേസിൽ 13നു കോടതി കുറ്റപത്രം വായിച്ചു കേൾപ്പിക്കും. ഈ ദിവസം ബിഷപ് ഫ്രാങ്കോ നേരിട്ട് ഹാജരാകണമെന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രോസിക്യൂഷനുവേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ ജിതേഷ് ജെ. ബാബുവും, ബിഷപിനുവേണ്ടി സി.എസ്. അജയനും, സുദീഷ് കുമാറും കോടതിയിൽ ഹാജരായി.
ബിഷപ് ഫ്രാങ്കോയ്ക്ക് ഉപാധികളോടെ ജാമ്യം
12:23 AM Aug 08, 2020 | Deepika.com