കുട്ടിക്കാനം: മരിയൻ കോളജിലെ മാധ്യമ പഠനവകുപ്പിന്റെ ആഭിമുഖ്യത്തിൽ ’കോവിഡാനന്തര കാലത്തെ സിനിമ നേരിടുന്ന വെല്ലുവിളികൾ’ എന്ന വിഷയത്തിൽ അന്താരാഷ്ട്ര വെബിനാർ നടത്തും. നാളെ രാവിലെ പത്തിന് നടക്കുന്ന പരിപാടിയിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ചലച്ചിത്ര പ്രവർത്തകരും ആസ്വാദകരും അധ്യാപകരും വിദ്യാർഥികളും പങ്കെടുക്കും.
കോവിഡ് രോഗവ്യാപനത്തിനുശേഷം ലോകമെന്പാടും സിനിമ പുതിയ സങ്കേതങ്ങളിലേക്കുള്ള ചുവടുമാറ്റത്തിന് തയാറെടുത്തുകൊണ്ടിരിക്കുകയാണ്. തീയേറ്ററുകളിൽനിന്ന് സിനിമ ഒ ടി ടി പ്ലാറ്റ്ഫോമുകൾ വഴി വീടുകളിലെ സ്വീകരണമുറിയിലേക്കോ മൊബൈൽ സ്ക്രീനിലോക്കോ മാറി തുടങ്ങിയിരിക്കുന്നു. ഇത്തരം മാറ്റങ്ങൾ സിനിമ നിർമ്മാണ വിതരണ മേഖലയിൽ സൃഷ്ടിക്കുന്ന വെല്ലുവിളികൾ വെബ്ബിനാറിൽ ചർച്ചചെയ്യും.
പ്രമുഖ ചലച്ചിത്ര നിരൂപകനും ദേശിയ അവാർഡ് ജേതാവുമായ ഡോ . സി .എസ്. വെങ്കിടേശ്വരൻ , ചലച്ചിത്ര അധ്യാപകനും അന്തരാഷ്ട്ര മേളകളിലെ ജൂറി അംഗവും ദേശിയ അവാർഡ് ജേതാവുമായ മധു ഇറവങ്കര , ഛായാഗ്രാഹകനും ഐ എസ് ആർ ഒയുടെ ചീഫ് ക്യാമറാമാനുമായ സുനിൽകുമാർ , ക്രൊയേഷ്യൻ സംവിധായികയും നിരൂപകയുമായ ഡാലിയ ആലിക് , സിംഗപ്പൂരിൽ നിന്നുള്ള സംവിധായകനും നടനുമായ ഗ്രീൻ സെങ് തുടങ്ങിയവർ ചർച്ചകൾ നയിക്കും. മാധ്യമ വിഭാഗം മേധാവി പ്രഫ . എം . വിജയകുമാറാണ് വെബിനാർ മോഡറേറ്റർ.
മാധ്യമവിഭാഗം കോഓർഡിനേറ്റർ ഫാ. സോബി കന്നാലിൽ, വിഷ്ണു, അശ്വിൻ നന്പൂതിരി, എൽസീന ജോസഫ്, ജോബി, ആൻസൻ തോമസ്, ഈപ്പൻ അലക്സാണ്ടർ എന്നിവർ പ്രോഗ്രാമിന് നേതൃത്വം നൽകും.
വെബിനാറിൽ പങ്കുചേരാൻ ആഗ്രഹിക്കുന്നവർ 9562779455 എന്ന നന്പറിൽ ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്യണം. രജിസ്ട്രേഷൻ ഫീ ഉണ്ടായിരിക്കുന്നതല്ല. വെബിനാറിൽ പങ്കെടുക്കുന്നവർക്ക് സർട്ടിഫിക്കറ്റ് നൽകും.
മരിയൻ കോളജിൽ അന്താരാഷ്ട്ര മാധ്യമ വെബിനാർ
12:22 AM Aug 08, 2020 | Deepika.com