കടുത്തുരുത്തി: ഭക്ഷണം കഴിക്കുന്നതിനിടെ കുഴഞ്ഞു വീണ വിദ്യാർഥി മരിച്ചു. മാഞ്ഞൂർ വേലച്ചേരി (പെരുനിലത്ത്) പി.ജി. വിനോദ്- വി.ഡി. സന്ധ്യ ദന്പതികളുടെ മകൻ ശ്രീഹരി (ഒന്പത്) ആണ് മരിച്ചത്.
ഇന്നലെ വൈകൂന്നേരം നാലോടെയാണ് സംഭവം. മേമ്മുറിയിലെ കുടുംബക്ഷേമ കേന്ദ്രത്തിലാണ് ഇവർ താമസിക്കുന്നത്. ഇവിടെ വച്ചു ഭക്ഷണം കഴിക്കുന്നതിനിടെ ശ്രീഹരി കുഴഞ്ഞുവീണതിനെ തുടർന്ന് കൃത്രിമ ശ്വാസോച്ഛാസം നൽകിയ ശേഷം ഇഎസ്ഐ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ശ്രീഹരിയ്ക്ക് രാവിലെ തലവേദനയും ഛർദിയും ഉണ്ടായതിനെ തുടർന്ന് കുറുപ്പന്തറ കുടുംബാരോഗ്യ കേന്ദ്രത്തിലെത്തി മരുന്ന് വാങ്ങിയിരുന്നതായി പറയുന്നു. പോസ്റ്റ്മോർട്ടത്തിന് ശേഷമെ മരണകാരണം അറിയാൻ കഴിയുവെന്നാണ് ഇവരുടെ കുടുംബസുഹൃത്തുക്കൾ പറഞ്ഞത്. തോട്ടുവ ഡിപോൾ നസ്രത്തുഹിൽ സ്കൂളിലെ നാലാം ക്ലാസ് വിദ്യാർഥിയാണ്. കുറുപ്പന്തറയിൽ ബേക്കറി നടത്തുകയാണ് പിതാവ് വിനോദ്. കുറുപ്പന്തറ കുടുംബാരോഗ്യ കേന്ദ്രത്തിലെ ജൂണിയർ പബ്ലിക് ഹെൽത്ത് നഴ്സാണ് അമ്മ സന്ധ്യ. ഏകസഹോദരൻ: ശ്രീദേവ്.
കുഴഞ്ഞുവീണ് നാലാം ക്ലാസ് വിദ്യാർഥി മരിച്ചു
12:24 AM Aug 07, 2020 | Deepika.com