പറവൂർ: മുൻ എംഎൽഎ പരേതനായ വി.കെ. ബാബുവിന്റെയും സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥ സുശീലയുടെയും മകൾ അനഘ (24) വാഹനാപകടത്തിൽ മരിച്ചു. ഇന്നലെ രാവിലെ 11ഓടെ പെരുമ്പടന്ന കവലയ്ക്കു സമീപമായിരുന്നു അപകടം. പഴങ്ങനാട് സമരിറ്റൻ ഹാർട്ട് ഇൻസ്റ്റിറ്റ്യൂട്ടിലെ നഴ്സാണ്. ചെറായിയിലെ വീട്ടിൽ നിന്നു ജോലിക്കു പോകുന്പോഴാണ് അപകടമുണ്ടായത്. അനഘ ഓടിച്ചിരുന്ന ഇരുചക്രവാഹനം മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ എതിരേ വന്ന ടോറസിൽ ഇടിക്കുകയായിരുന്നു.
ശക്തമായ കാറ്റിലും മഴയിലും പെട്ട് അനഘയുടെ വാഹനം നിയന്ത്രണംവിട്ടതാണ് അപകടത്തിനു കാരണമായതെന്നു പോലീസ് പറഞ്ഞു. റോഡിലേക്കു തെറിച്ചു വീണ അനഘയെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സഹോദരി: അഭയ. മൂന്നര മാസം മുൻപാണ് അനഘയുടെ പിതാവ് വി.കെ. ബാബു മരിച്ചത്. അനഘയുടെ വിവാഹം ആലോചിച്ചിരുന്നെങ്കിലും ബാബുവിന്റെ മരണത്തെ തുടർന്ന് നീട്ടി വച്ചിരിക്കുകയായിരുന്നു. മൃതദേഹം പോസ്റ്റുമോർട്ടത്തിനു ശേഷം ഇന്ന് ഒന്നിന് ചെറായി പൊതുശ്മനത്തിൽ സംസ്കരിക്കും.
മുൻ എംഎൽഎ വി.കെ. ബാബുവിന്റെ മകൾ വാഹനാപകടത്തിൽ മരിച്ചു
12:24 AM Aug 07, 2020 | Deepika.com