തിരുവനന്തപുരം: മുന്നാക്ക വിഭാഗങ്ങളിലെ സാന്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർഥികൾക്കു ഹയർ സെക്കൻഡറി പ്രവേശനത്തിനു 10 ശതമാനം സംവരണം ഏർപ്പെടുത്താനുള്ള നിർദേശത്തിൽ മുഖ്യമന്ത്രി പഠിച്ചശേഷം തീരുമാനം എടുക്കും. മുന്നാക്ക സമുദായങ്ങൾക്കുള്ള സാന്പത്തിക സംവരണം ഏർപ്പെടുത്തുന്നതിനുള്ള ഫയൽ നേരത്തെ തന്നെ മുഖ്യമന്ത്രിയുടെ പരിഗണനയ്ക്ക് എത്തിയെങ്കിലും ഇന്നലെ ചേർന്ന മന്ത്രിസഭയിൽ ഇതു പരിഗണിച്ചില്ല.
കോളജുകളിൽ നടപ്പാക്കിയ മാതൃകയിൽ ഹയർസെക്കൻഡറി സ്കൂളുകളിലും സാന്പത്തിക സംവരണം ഏർപ്പെടുത്താനുള്ള നിർദേശമാണു മുഖ്യമന്ത്രിയുടെ പരിഗണനയ്ക്കായി സമർപ്പിച്ചത്. എയ്ഡഡ് കോളജുകളിലെ മാതൃകയിലായിരിക്കും എയ്ഡഡ് സ്കൂളുകളിൽ സാന്പത്തിക സംവരണവും മറ്റു സംവരണവും നടപ്പാക്കുക. ഗവണ്മെന്റ് കോളജുകളിലെ സംവരണ മാതൃക സർക്കാർ സ്കൂളുകളിൽ നടപ്പാക്കണമെന്നുമുള്ള നിർദേശമാണു സർക്കാർ പരിഗണിക്കുന്നത്.
പ്ലസ് വണ്‍ പ്രവേശന നടപടികൾ അന്തിമ ഘട്ടത്തിലായ സാഹചര്യത്തിൽ അടുത്ത മന്ത്രിസഭാ യോഗത്തിനു മുൻപു മുഖ്യമന്ത്രി ഇക്കാര്യത്തിൽ തീരുമാനമെടുക്കുമെന്നു പ്രതീക്ഷിക്കുന്നുണ്ട്.
സാന്പത്തിക സംവരണം: മുഖ്യമന്ത്രി പഠിച്ചശേഷം തീരുമാനം
01:09 AM Aug 06, 2020 | Deepika.com