തിരുവനന്തപുരം: വഞ്ചിയൂര്‍ സബ് ട്രഷറി തട്ടിപ്പ് കേസ് അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറി. അസിസ്റ്റന്റ് കമ്മീഷണര്‍ സുല്‍ഫിക്കറിന്റെ നേതൃത്വത്തിലുള്ള സംഘമാകും അന്വേഷണം നടത്തുക. സൈബര്‍ സെല്ലിലെ ഉദ്യോഗസ്ഥരും സംഘത്തിലുണ്ട്.
തട്ടിപ്പ് പുറത്തു വന്ന് മൂന്നു ദിവസമായിട്ടും മുഖ്യപ്രതിയായ ബിജുലാലിനെ പിടികൂടാന്‍ കഴിയാത്തതില്‍ വലിയ വിമര്‍ശനം നേരിടുന്നതിനിടയിലാണ് കേസ് അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറിയത്.
അതേസമയം തട്ടിപ്പില്‍ ട്രഷറി ഡയറക്ടര്‍ റിപ്പോര്‍ട്ട് നല്കി. ജില്ലാ ട്രഷറി ഓഫീസറുടെയും ടെക്നിക്കല്‍ കോ ഓര്‍ഡിനേറ്ററുടെയും ഭാഗത്ത് വീഴ്ചയുണ്ടായെന്നാണ് കണ്ടെത്തല്‍. 74 ലക്ഷം ഓവര്‍ഡ്രാഫ്റ്റ് ഉണ്ടായിരുന്ന ബിജുലാല്‍ രണ്ട് കോടി തട്ടിച്ചപ്പോള്‍ ബാധ്യത മാറുകയും ഒരുലക്ഷത്തി ഇരുപത്താറായിരം അക്കൗണ്ടിലേക്ക് എത്തുകയും ചെയ്തു. ഇതില്‍ നിന്ന് ഭാര്യയുടെ അക്കൗണ്ടിലേക്ക് 63 ലക്ഷം മാറ്റിയെന്നുമാണ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുള്ളത്.
അതേസമയം, തട്ടിപ്പില്‍ താന്‍ നിരപരാധിയാണെന്നും തന്റെ അക്കൗണ്ടിലേക്ക് 63 ലക്ഷം രൂപ എത്തിയത് എങ്ങനെയാണെന്ന് അറിയില്ലെന്നും വ്യക്തമാക്കുന്ന ബിജുലാലിന്റെ ഭാര്യ സിമിയുടെ ശബ്ദസന്ദേശം കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു.
ട്രഷറി തട്ടിപ്പു കേസ് ക്രൈംബ്രാഞ്ചിന്
01:16 AM Aug 05, 2020 | Deepika.com