തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ വിവിധ വകുപ്പുകളിലായി കെട്ടിക്കിടക്കുന്ന ലക്ഷത്തിലേറെ വരുന്ന ഫയലുകൾ ഓരോ മാസവും നിശ്ചിത എണ്ണം വീതം തീർപ്പാക്കുന്നതിനുള്ള ആക്ഷൻ പ്ലാൻ തയാറാക്കി നടപ്പാക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ ചീഫ് സെക്രട്ടറിക്ക് നിർദേശം നല്കി. ആക്ഷൻ പ്ലാനിലുള്ള പൊതുമാനദണ്ഡം ഉദ്യോഗസ്ഥ ഭരണ പരിഷ്കാര വകുപ്പ് പുറപ്പെടുവിക്കും. ഓരോ വകുപ്പും അതിന് അനുയോജ്യമായ നടപടികൾ സ്വീകരിക്കണമെന്നും ഫയൽ തീർപ്പാക്കലുമായി ബന്ധപ്പെട്ട് വിളിച്ച വകുപ്പുസെക്രട്ടറിമാരുടെ യോഗത്തിൽ മുഖ്യമന്ത്രി നിർദേശിച്ചു.
ജീവനക്കാർക്ക് വീടുകളിൽ ഇരുന്ന് ജോലി ചെയ്യാൻ (വർക്ക് ഫ്രം ഹോം) സൗകര്യം അനുവദിച്ചിട്ടുള്ള സാഹചര്യത്തിൽ സെക്രട്ടേറിയറ്റിലെ ഹാജർ പരിശോധിക്കണം. എത്രത്തോളം ജീവനക്കാർ ഓഫീസിൽ എത്തുന്നുണ്ട്, വീടുകളിൽ ഇരിക്കുന്ന ജീവനക്കാർ എത്ര ഫയലുകൾ തീർപ്പാക്കുന്നു, അനുവദിച്ചിട്ടുള്ള സൗകര്യങ്ങൾ ആരെങ്കിലും ദുരുപയോഗം ചെയ്യുന്നുണ്ടോ എന്നിവ അറിയാൻ നിർദേശിക്കണം. അതേസമയം, കോവിഡ് സാഹചര്യത്തിൽ ജീവനക്കാർക്കു വീടുകളിലിരുന്ന് ജോലി ചെയ്യുന്നതിനുള്ള (വർക്ക് ഫ്രം ഹോം) സൗകര്യങ്ങൾ ഒരുക്കുന്നതിനൊപ്പം കുടിശിക ഫയലുകൾ തീർപ്പാക്കുന്നതിനു മുൻഗണന നൽകണം. ഓഫീസിൽ എത്തുന്ന ജീവനക്കാരെക്കൊണ്ട് ഓഫീസ് പ്രവർത്തനം സുഗമമായി നടത്താനാകണം. ആളില്ലാത്തതുകൊണ്ട് ഓഫീസ് പ്രവർത്തനം തടസപ്പെടുന്ന സാഹചര്യമുണ്ടാകരുത്. കോവിഡ് സംബന്ധമായ പ്രവർത്തനങ്ങൾക്ക് തടസമുണ്ടാകരുതെന്നും അദ്ദേഹം പറഞ്ഞു.
കോവിഡ് സാഹചര്യത്തിൽ മുഴുവൻ ജീവനക്കാർക്കും സെക്രട്ടേറിയറ്റിലും താഴെത്തട്ടിലുള്ള മറ്റ് ഓഫീസുകളിലും എത്താനാകാത്ത സാഹചര്യത്തിലാണ് പല ഫയലുകളും തീർപ്പാക്കാനാകാതെ പോയതെന്ന് സെക്രട്ടറിമാർ ചൂണ്ടിക്കാട്ടി.
ഫയൽ നീക്കത്തിന് ആക്ഷൻ പ്ലാൻ തയാറാക്കാൻ നിർദേശം
01:16 AM Aug 05, 2020 | Deepika.com