കാസര്‍ഗോഡ്: ജില്ലയില്‍ കോവിഡ് ബാധിച്ച് ചികിത്സയിലിരിക്കേ രണ്ടുപേര്‍ കൂടി മരിച്ചു. ഉപ്പള ശാരദാ നഗര്‍ സ്വദേശി വിനോദ് കുമാര്‍ (42), പുല്ലൂര്‍- പെരിയ പഞ്ചായത്തിലെ ചാലിങ്കാല്‍ എണ്ണപ്പാറ സ്വദേശി പള്ളിപ്പുഴ ഷറഫുദ്ദീന് (52) എന്നിവരാണ് മരിച്ചത്. ഇതോടെ ജില്ലയില്‍ കോവിഡ് മരണസംഖ്യ 13 ആയി.
വൃക്കസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഒരു വര്‍ഷത്തോളമായി ചികിത്സയിലായിരുന്നു വിനോദ് കുമാര്‍. കാസര്‍ഗോഡ് ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കേ നില ഗുരുതരമായതിനെ തുടര്‍ന്ന് പരിയാരം ഗവ. മെഡിക്കല്‍ കോളജിലേക്ക് മാറ്റിയിരുന്നു. ആന്റിജന്‍ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. രോഗ ഉറവിടം വ്യക്തമല്ല. ശാരദാനഗറിലെ സുന്ദര സാലിയന്റേയും രാധയുടേയും മകനാണ്. ഭാര്യ: സവിത. ഒരു മകളുണ്ട്.
വൃക്കരോഗത്തെ തുടര്‍ന്ന് നേരത്തേ പരിയാരം ഗവ. മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന ഷറഫുദ്ദീന് ഡിസ്ചാര്‍ജ് ആയി വീട്ടിലെത്തിയ ശേഷം വീണ്ടും പനി ബാധിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഇദ്ദേഹത്തിനും ഭാര്യയ്ക്കും കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു. ജൂലൈ 30 നാണ് വീണ്ടും പരിയാരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്. മക്കള്‍: ഷഫിദ, ഫാത്തിമ, മൂസ, ഹിഷാം, മുഹമ്മദ്.
കാസര്‍ഗോട്ട് കോവിഡ് ബാധിച്ച രണ്ടുപേര്‍ കൂടി മരിച്ചു
12:16 AM Aug 04, 2020 | Deepika.com