ചങ്ങനാശേരി: പ്ലസ് വൺ, നഴ്സിംഗ്, മറ്റ് പാരാമെഡിക്കൽ കോഴ്സുകൾ എന്നിവയുടെ പ്രവേശനവിജ്ഞാപനങ്ങളും പ്രോസ്പെക്ടസുകളും അപേക്ഷാ ഫോർമാറ്റുകളും പ്രസിദ്ധീകരിച്ചപ്പോൾ സംവരണേതര വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കുള്ള 10% ഇഡബ്ല്യുഎസ് സംവരണം ഉൾപ്പെടുത്താതിരുന്നതിനെതിരെ ചങ്ങനാശേരി അതിരൂപത മുഖ്യമന്ത്രി, ആരോഗ്യ വകുപ്പ് മന്ത്രി, വിദ്യാഭ്യാസ വകുപ്പ് മന്ത്രി എന്നിവർക്ക് പരാതി അയച്ചു.
സാമ്പത്തിക സംവരണം കേരളത്തിൽ നടപ്പിലാക്കിക്കൊണ്ട് 2020 ഫെബ്രുവരി 2 ന് പുറപ്പെടുവിച്ച സർക്കാർ ഉത്തരവ് പ്രകാരം ഒബിസി സംവരണം അനുവദിച്ചിട്ടുളളതും ന്യൂനപക്ഷ പദവി ഇല്ലാത്തതുമായ എല്ലാ സ്ഥാപനങ്ങളിലും ഇഡബ്ല്യുഎസ് സംവരണം അനുവദിക്കേണ്ടതാണ്.
എന്നാൽ പൊതുവിദ്യാഭ്യാസ വകുപ്പും ആരോഗ്യ കുടുംബക്ഷേമ വകുപ്പും ഇതിനായുള്ള നടപടികളൊന്നും ഇതുവരെ സ്വീകരിച്ചിട്ടില്ല. ഇതു സംവരണേതരവിഭാഗങ്ങളോടുള്ള കടുത്ത നീതി നിഷേധമാണ്. ഇ ഡബ്ലിയു എസ് സംവരണം അട്ടിമറിക്കാനുള്ള ശ്രമമാണോ എന്നും ആശങ്കയുണ്ട്. അതിനാൽ ഇപ്പോൾ പ്രസിദ്ധീകരിച്ചിരിക്കുന്ന രേഖകൾ പരിഷ്കരിച്ച് 10% ഇഡബ്ല്യുഎസ് സംവരണം കൂടി ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് കത്ത്.
പ്ലസ് വൺ, നഴ്സിംഗ് തുടങ്ങിയവയിലെ ഇഡബ്ല്യുഎസ് സംവരണം : ചങ്ങനാശേരി അതിരൂപത പരാതി നൽകി
12:37 AM Aug 03, 2020 | Deepika.com