കൊച്ചി: സംസ്ഥാന പ്ലസ്ടു പ്രവേശനത്തിനും, നഴ്സിംഗ്, പാരാമെഡിക്കല്‍ പ്രവേശനത്തിനും, ചില യൂണിവേഴ്സിറ്റികളുടെ ഡിഗ്രി പ്രവേശനത്തിനും സാമ്പത്തിക സംവരണം ഉള്‍പ്പെടുത്താത്തതും, ഇഡബ്ല്യുഎസ് (ഇക്കണോമിക്കലി വീക്കർ സെക്ഷൻ) സംവരണത്തിന് അര്‍ഹരായവര്‍ ജനറല്‍ കാറ്റഗറിയില്‍ മാത്രം അപേക്ഷിച്ചാല്‍ മതി എന്ന നിലപാടും സാമ്പത്തിക സംവരണം അട്ടിമറിക്കാനുള്ള സര്‍ക്കാരിന്റെ ഗൂഢ നീക്കമാണെന്ന് കത്തോലിക്കാ കോണ്‍ഗ്രസ് ഗ്ലോബല്‍ സമിതി പ്രസിഡന്റ് അഡ്വ. ബിജു പറയന്നിലം.
ഇന്ത്യയില്‍ ഇഡബ്ല്യുഎസ് സംവരണം നടപ്പാക്കിയിട്ട് ഒന്നര വര്‍ഷവും, കേരളത്തില്‍ ഏഴു മാസവും കഴിഞ്ഞു. എന്നിട്ടും ഈ വര്‍ഷം നഴ്സിംഗ്, പാരാമെഡിക്കല്‍ കോഴ്സുകളില്‍ സാമ്പത്തിക സംവരണം നടപ്പാക്കുന്നതിനു മെഡിക്കല്‍ എഡ്യൂക്കേഷന്‍ വകുപ്പിന് ഓര്‍ഡര്‍ ഇറക്കാന്‍ സാധിച്ചില്ലെന്നത് ഉത്തരവാദിത്വപ്പെട്ടവരുടെ അനാസ്ഥയാണ്. ഇതിനെതിരേ കത്തോലിക്കാ കോണ്‍ഗ്രസ് ശക്തമായ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കും. സാമ്പത്തിക സംവരണ വിഷയത്തിലെ സര്‍ക്കാരിന്റെ കള്ളക്കളികള്‍ പൊതുസമൂഹത്തിന്റെ മുന്നില്‍ അവതരിപ്പിക്കും.
പ്രശ്നം ചര്‍ച്ച ചെയ്യുന്നതിനായി കത്തോലിക്കാ കോണ്‍ഗ്രസ് ഒരു അടിയന്തര വര്‍ക്കിംഗ് കമ്മിറ്റി വിളിച്ചു ചേര്‍ക്കുമെന്നും അഡ്വ. ബിജു പറയന്നിലം അറിയിച്ചു.
സാമ്പത്തിക സംവരണം അട്ടിമറിക്കാന്‍ ശ്രമം: കത്തോലിക്ക കോണ്‍ഗ്രസ്
12:37 AM Aug 03, 2020 | Deepika.com