കാസര്‍ഗോഡ്: കോവിഡ് സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന രണ്ടുപേര്‍ കൂടി ഇന്നലെ മരിച്ചതോടെ ജില്ലയില്‍ കോവിഡ് മരണങ്ങളുടെ എണ്ണം 11 ആയി. തൃക്കരിപ്പൂര്‍ ഉടുമ്പുന്തല സ്വദേശി ടി. അസിനാര്‍ ഹാജി (78), ഉപ്പള ബപ്പായിത്തൊട്ടി സ്വദേശിനി ഷഹര്‍ബാനു (74) എന്നിവരാണ് ഇന്നലെ മരിച്ചത്.
കണ്ണൂര്‍ മിംസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അസിനാര്‍ ഹാജിക്ക് നേരത്തേ ഹൃദയസംബന്ധമായ അസുഖങ്ങളുണ്ടായിരുന്നു. മലേഷ്യയില്‍ വ്യാപാരിയായിരുന്ന ഇദ്ദേഹം കുറച്ചുകാലമായി നാട്ടിലെത്തി വിശ്രമജീവിതത്തിലായിരുന്നു. കോവിഡ് ക്ലസ്റ്ററായി പ്രഖ്യാപിക്കപ്പെട്ട തൃക്കരിപ്പൂര്‍ മേഖലയില്‍ നിന്നുമുള്ള രണ്ടാമത്തെ കോവിഡ് മരണമാണ് ഇത്. ഖബറടക്കം കോവിഡ് പ്രോട്ടോകോള്‍ പ്രകാരം ഉടുമ്പുന്തല ജുമാമസ്ജിദില്‍ നടക്കും. ഭാര്യ: പി.പി. ബീഫാത്തിമ. മക്കള്‍: നസീം(മലേഷ്യ), സുനീറ, സമീറ, നസീമ, പരേതനായ ജാഫര്‍. മരുമക്കള്‍: ആയിഷ, ടി. ഇസ്മായില്‍, എം.ടി. മുഹമ്മദ്.
ശ്വസതടസത്തെ തുടര്‍ന്ന് പത്തു ദിവസമായി കാസര്‍ഗോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ഷഹര്‍ബാനു. ജൂലൈ 28 നാണ് കോവിഡ് സ്ഥിരീകരിച്ചത്. ഖബറടക്കം കോവിഡ് മാനദണ്ഡ പ്രകാരം ഉപ്പള ഹനഫി ജുമാ മസ്ജിദില്‍ നടന്നു. മംഗല്പാടി പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റും ഉറുദു അക്കാദമി ചെയര്‍മാനുമായിരുന്ന ഉപ്പള ബപ്പായിത്തൊട്ടിയിലെ ഹാജി വി.എസ്. അബ്ദുല്‍ റഹ്മാന്റെ ഭാര്യയാണ്. മക്കള്‍: അബൂബക്കര്‍ (സീമാന്‍), ഷഹനാസ്, ഇഫ്തിക്കര്‍ (ഓസ്ട്രേലിയ), ഷഹീദ, ഷെറിന്, മുഹമ്മദ് അസീം (മര്‍ച്ചന്റ് നേവി), മുഹമ്മദ് ഷുഹൈബ് (സോഫ്റ്റ് വെയര്‍ എന്‍ജിനിയര്‍, ഹോങ്കോംഗ്).
കാസര്‍ഗോഡ് രണ്ടു മരണം കൂടി; കോവിഡ് മരണസംഖ്യ 11 ആയി
12:16 AM Aug 03, 2020 | Deepika.com