കോഴിക്കോട്: സ്വര്‍ണക്കടത്തിനും ഹവാല കേസുകള്‍ക്കും പിന്നില്‍ തീവ്രവാദ സ്വഭാവമുള്ള സംഘടനകളാണെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ട് മുക്കി. യുഡിഎഫ് ഭരണത്തിലും ഇടതുസര്‍ക്കാര്‍ അധികാരമേറ്റതിന് ശേഷവും വിവിധ ഘട്ടങ്ങളിലായി സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം സ്വര്‍ണക്കടത്ത് സംഘത്തിനു പിന്നിലെ തീവ്രസ്വഭാവമുള്ള സംഘടനകളെ കുറിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്.
കേന്ദ്ര രഹസ്യാന്വേഷണ വിഭാഗവും ഇതുസംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. എന്നാല്‍, പിന്നീട് യാതൊരു നടപടിയും ഉണ്ടായില്ല. കസ്റ്റംസ്, ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ്, എന്‍ഫോഴ്സ്മെന്റ് , പോലീസ് തുടങ്ങി ഏജന്‍സികള്‍ കേസുകള്‍ പിടികൂടുന്നതിന് പിന്നാലെയാണ് രഹസ്യാന്വേഷണ വിഭാഗം പ്രതികളെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കുന്നത്. വിവരശേഖരണത്തില്‍ പലര്‍ക്കും തീവ്രവാദ സ്വഭാവമുള്ള വ്യക്തികളുമായും സംഘടനകളുമായും ബന്ധമുണ്ടെന്ന് വിവരം ലഭിക്കാറുണ്ട്. ഇതു സംബന്ധിച്ച് പലപ്പോഴായി രഹസ്യാന്വേഷണ വിഭാഗം കോഴിക്കോട് റേഞ്ച് , ഇന്റലിജന്‍സ് മേധാവിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഈ റിപ്പോര്‍ട്ട് പിന്നീട് ഡിജിപിക്കും ആഭ്യന്തരവകുപ്പിനും കൈമാറുകയാണ് പതിവ്. തുടരന്വേഷണം ആവശ്യമാണെങ്കില്‍ അക്കാര്യം വ്യക്തമാക്കി തിരിച്ച് നിര്‍ദേശം നല്‍കുകയാണ് ചെയ്യുന്നത്. എന്നാല്‍, ഈ റിപ്പോര്‍ട്ടുകളുടെ കാര്യത്തില്‍ അത്തരം നടപടികള്‍ ഒന്നും തന്നെ ഉണ്ടാവാറില്ലെന്ന് രഹസ്യാന്വേഷണ വിഭാഗത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
കാലാകാലങ്ങളായി ഇത്തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ നല്‍കുന്നുണ്ട്. ഒരു സര്‍ക്കാറിന്റെ കാലത്തും കാര്യക്ഷമമായ അന്വേഷണം നടത്താന്‍ നിര്‍ദേശം ലഭിച്ചിരുന്നില്ലെന്ന് സര്‍വീസില്‍ നിന്ന് വിരമിച്ചവര്‍ വ്യക്തമാക്കുന്നു. റിപ്പോര്‍ട്ടുകളില്‍ മേല്‍ നടപടികള്‍ സ്വീകരിക്കാത്തതിനാല്‍ പിന്നീട് ഇതേകുറിച്ച് അന്വേഷിക്കാറില്ല.
സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് കോഫേപോസ ചുമത്തിയ പ്രതികള്‍ നാട്ടിലെത്തി വിലസുമ്പോള്‍ പോലും അക്കാര്യത്തില്‍ നടപടി സ്വീകരിക്കാന്‍ പോലീസും അടുത്തകാലം വരെ തയാറായിരുന്നില്ല. ഹവാല കേസുമായി ബന്ധപ്പെട്ടുള്ള നിര്‍ണായ വിവരങ്ങള്‍ കേന്ദ്ര സര്‍ക്കാറിന്റെ കീഴിലുള്ള ഐബിയും കേന്ദ്രആഭ്യന്തരമന്ത്രാലയത്തിന് സമര്‍പ്പിക്കാറുണ്ട്. എന്നാല്‍, എന്‍ഫോഴ്സ്മെന്റിന്റെ കാര്യക്ഷമമായ അന്വേഷണം ഉണ്ടാവാറില്ല.
തീവ്രവാദ ബന്ധമറിഞ്ഞിട്ടും അന്വേഷിച്ചില്ല
01:23 AM Jul 16, 2020 | Deepika.com