തിരുവനന്തപുരം: സംസ്ഥാനത്ത് ഏറ്റവുമധികം വിദ്യാർഥികളെ ഹയർസെക്കൻഡറി പരീക്ഷയ്ക്കിരുത്തിയത് തിരുവനന്തപുരം പട്ടം സെന്റ് മേരീസ് ഹയർസെക്കൻഡറി സ്കൂൾ. 840 വിദ്യാർഥികൾ പരീക്ഷ എഴുതിയ പട്ടം സെന്റ് മേരീസിൽ 95.95 ശതമാനം വിദ്യാർഥികൾ ഉപരിപഠനത്തിന് യോഗ്യത നേടി.
ഏറ്റവും കൂടുതൽ വിദ്യാർഥികൾക്ക് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേട്ടം എന്ന ഖ്യാതി മലപ്പുറം ജില്ലയ്ക്കാണ്. 2234 വിദ്യാർഥികളാണ് മലപ്പുറത്ത് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേട്ടം സ്വന്തമാക്കിയത്. നൂറുമേനി വിജയം സ്വന്തമാക്കിയത് 114 സ്കൂളുകളാണ്. സയൻസ് വിദ്യാർഥികളിൽ 88.62 ശതമാനവും ഹ്യൂമാനിറ്റീസിൽ 77.76 ശതമാനവും കൊമേഴ്സിൽ 84.52 ശതമാനവും ഉപരിപഠനത്തിന് യോഗ്യത നേടി.
വൊക്കേഷണൽ ഹയർസെക്കൻഡറി പരീക്ഷയിൽ പാർട്ട് ഒന്ന്,രണ്ട്, മൂന്ന് എന്നിവയിൽ വിജയിച്ച് ഉപരിപഠനത്തിന് യോഗ്യത നേടിയത് 76.06 ശതമാനം വിദ്യാർഥികളാണ്. കഴിഞ്ഞ തവണ ഇത് 80.07 ശതമാനമായിരുന്നു. പി.ആർ ചേന്പറിൽ നടന്നചടങ്ങലിൽ പൊതുവിദ്യാഭ്യാസ മന്ത്രി പ്രഫ. സി.രവീന്ദ്രനാഥാണ് ഫലപ്രഖ്യാപനം നടത്തിയത്.
പുനർമൂല്യനിർണയത്തിന് ഇന്നു മുതൽ അപേക്ഷിക്കാം
ഹയർസെക്കൻഡറി പുനർമൂല്യനിർണയത്തിന് ഇന്നുമുതൽ അപേക്ഷിക്കാം. അപേക്ഷകൾ അവരവർ പരീക്ഷ എഴുതിയ കേന്ദ്രങ്ങളിലാണ് സമർപ്പിക്കേണ്ടത്. അപേക്ഷാ ഫോമുകളുടെ മാതൃക സ്കൂളുകളിലും ഹയർസെക്കൻഡറി പോർട്ടലിലും ലഭ്യമാണ്. പുനർ മൂല്യനിർണയത്തിന് 500 രൂപയും ഉത്തരക്കടലാസിന്റെ പകർപ്പിന് 300 രൂപയും സൂക്ഷ്മപരിശോധനയ്ക്ക് 100 രൂപയുമാണ് പേപ്പറൊന്നിന് ഫീസ്. ഇരട്ട മൂല്യനിർണയം നടന്ന ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് വിഷയങ്ങൾക്ക് പുനർ മൂല്യനിർണയവും സൂക്ഷ്മപരിശോധനയും ഉണ്ടായിരിക്കില്ല. ഈ വർഷം മുതൽ രണ്ടാം വർഷ ഹയർസെക്കൻഡറി പരീക്ഷയിൽ ഉപരിപഠനത്തിന് അർഹരായ റഗുലർ വിദ്യാർഥികൾക്ക് മൂന്നു വിഷയങ്ങൾക്കു വരെ സ്കോർ മെച്ചപ്പെടുത്തുന്നതിനും സേ പരീക്ഷ എഴുതുന്ന വിദ്യാർഥികൾക്ക് ഉപരിപടനത്തിന് യോഗ്യത നേടാനാവത്ത വിഷയങ്ങൾക്ക് പുറമേ മൂന്നു വിഷയങ്ങൾക്കു കൂടി ഇംപ്രൂവ്മെന്റ് ചെയ്യുന്നതിനുമുള്ള അവസരമുണ്ടെന്നു വിദ്യാഭ്യാസ മന്ത്രി അറിയിച്ചു.
ഫോട്ടോ പതിച്ച സർട്ടിഫിക്കറ്റ്
ഈ വർഷം മുതൽ ഹയർസെക്കൻഡറി സർട്ടിഫിക്കറ്റിൽ വിദ്യാർഥിയുടെ ഫോട്ടോ, ജനനത്തീയതി, പിതാവിന്റെയും മാതാവിന്റെയും പേര്, ആകെ സ്കോർ എന്നിവ കൂടി ഉൾപ്പെടുത്തി സമഗ്രമായ മാറ്റത്തോടെയാവും വിദ്യാർഥികളുടെ കൈകളിലെത്തുക. ഒന്നും രണ്ടും വർഷത്തെ പൊതു പരീക്ഷകളുടെ സ്കോറുകളും നിരന്തര മൂല്യനിർണയ സ്കോറും പ്രായോഗിക പരീക്ഷയുടെ സ്കോറും സർട്ടിഫിക്കറ്റിൽ പ്രത്യേകം രേഖപ്പെടുത്തും. ഓരോ വിഷയത്തിനും ലഭിച്ച മൊത്തം സ്കോറും ഗ്രേഡും സർട്ടിഫിക്കറ്റിൽ ലഭ്യമാണ്.
പ്ലസ് വണ്‍ അപേക്ഷകൾ ഈ മാസം 24 മുതൽ
പ്ലസ് വണ്‍ പ്രവേശനത്തിനായുള്ള അപേക്ഷകൾ ഈ മാസം 24 മുതൽ സമർപ്പിക്കാമെന്നു വിദ്യാഭ്യാസ മന്ത്രി പ്രഫ. സി.രവീന്ദ്രനാഥ്. പ്രവേശനം സംബന്ധിച്ചുള്ള ഷെഡ്യൂൾ പിന്നീട് പ്രസിദ്ധീകരിക്കുമെന്നും മന്ത്രി അറിയിച്ചു.
ഹയർസെക്കൻഡറി പരീക്ഷാ ഫലം: 114 സ്കൂളുകൾക്ക് നൂറുമേനി
11:29 PM Jul 15, 2020 | Deepika.com