തിരുവനന്തപുരം: സംസ്ഥാനത്ത് കൂട്ടത്തോടെ രോഗബാധ കണ്ടെത്തിയിട്ടുള്ള 51 ക്ലസ്റ്ററുകൾ. പൊന്നാനി, പൂന്തുറ കേന്ദ്രീകരിച്ചുള്ള രണ്ടു വലിയ ക്ലസ്റ്ററുകൾ ഉൾപ്പെടെയാണിതെന്നു മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
ഇവിടങ്ങളിൽ സന്പർക്കം, രോഗബാധ എന്നിവ കണ്ടെത്താനുള്ള ഊർജിത പ്രവർത്തനങ്ങൾ നടക്കുകയാണ്. റിവേഴ്സ് ക്വാറന്റൈനും ബോധവത്കരണവും ഊർജിതമായി നടപ്പാക്കുന്നുണ്ട്. ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകൾ സ്ഥാപിച്ചും സമൂഹത്തിലെ വിവിധ മേഖലകളിലെ നേതാക്കളെയടക്കം ഉൾപ്പെടുത്തിയും ജനങ്ങളുടെ സഹകരണം തേടിയും മികച്ച ക്വാറന്റൈൻ ഏർപ്പെടുത്തിയുമുള്ള സംയോജിത പരിപാടിയാണ് നടപ്പാക്കുന്നത്.
രോഗവ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ ജനകീയ പ്രതിരോധം തീർക്കാനാണ് എല്ലാ ഘട്ടത്തിലും നാം ശ്രമിച്ചത്. ഈ മഹാമാരിയെ അതിന്റേതായ ഗൗരവത്തിൽ ചിലർ കാണുന്നില്ല എന്ന പ്രശ്നമുണ്ട്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളാണ് പ്രവർത്തനങ്ങൾ നന്നായി മുന്നോട്ടുകൊണ്ടുപോകുന്നത്. തുടർച്ചയായ പ്രവർത്തനമായതിനാൽ ചില മേഖലകളിൽ മടുപ്പുവരുന്നുണ്ട്. വോളണ്ടിയർമാരുടെ കാര്യത്തിൽ അത് കണ്ടു. അവരെയെല്ലാം പ്രോത്സാഹിപ്പിച്ചു നിർത്തേണ്ടതുണ്ട്. കൂടുതൽ വോളണ്ടിയർമാരെ ഈ രംഗത്ത് ആവശ്യമുള്ള ഘട്ടമാണിത്.
കോവിഡ്: സംസ്ഥാനത്ത് 51 ക്ലസ്റ്ററുകൾ
12:51 AM Jul 14, 2020 | Deepika.com