തിരുവനന്തപുരം: 16നു നടത്തുന്ന എൻജിനിയറിംഗ്/ഫാർമസി കോഴ്സ് പ്രവേശന പരീക്ഷ സംബന്ധിച്ച് ആശങ്ക വേണ്ടെന്ന് എൻട്രൻസ് കമ്മീഷണർ അറിയിച്ചു. കേരള ത്തിലെ എല്ലാ ജില്ലകൾക്കും പുറമേ ഡൽഹി, മുംബൈ, ദുബായ് എന്നിവിടങ്ങളിലുമായി ഏകദേശം 1,12,000 വിദ്യാർഥികൾ പരീക്ഷ എഴുതുന്നുണ്ട്.
അന്യ സംസ്ഥാനക്കാരായ വിദ്യാർഥികൾ ഷോർട്ട് വിസിറ്റ് പാസ് എടുക്കണം. ഇതിനുള്ള സൗകര്യം ജാഗ്രതാ പോർട്ടലിൽ ഏർപ്പെടുത്തിയിട്ടുണ്ട്. അന്യസംസ്ഥാനക്കാരായ വിദ്യാർഥികൾക്കും ക്വാറന്റൈനിൽ നിന്നെത്തുന്ന വിദ്യാർഥികൾക്കും പ്രത്യേകം റൂമുകൾ സജീകരിച്ചിട്ടുണ്ടെന്നു കമ്മീഷണർ അറിയിച്ചു. തെർമൽ സ്കാനിംഗിൽ ഉയർന്ന താപനില സൂചിപ്പിക്കുന്ന വിദ്യാർഥികളെ പ്രത്യേകം റൂമുകളിലിരുത്തി പരീക്ഷ എഴുതിക്കും. വിദ്യാർഥികളെ സാമൂഹിക അകലം പാലിച്ചുകൊണ്ട് പരീക്ഷാകേന്ദ്രത്തിൽ പ്രവേശിക്കുന്നതിനും പുറത്തേക്കു പോകുന്നതിനുള്ള സഹായങ്ങളും നിർദേശങ്ങളും നൽകുന്നതിനായി സാമൂഹ്യസന്നദ്ധസേനാ പ്രവർത്തകരുടെ സേവനം ഉറപ്പാക്കിയിട്ടുണ്ട്.
ജില്ലകളിൽ നിന്നും, ക്വാറന്റൈനിൽ/അന്യസംസ്ഥാനം എന്നിവയിൽനിന്നും പരീക്ഷയ്ക്കെത്തുന്ന വിദ്യാർഥികൾ അവശ്യഘട്ടങ്ങളിൽ സഹായം ലഭ്യമാക്കുന്നതിനായി ജില്ലകളിലെ ലെയ്സണ്‍ ഓഫീസർമാരുടെ ഫോണ്‍ നന്പർ അഡ്മിറ്റ് കാർഡിൽ ലഭ്യമാക്കിയിട്ടുണ്ട്.
പരീക്ഷയ്ക്കെത്തുന്ന വിദ്യാർഥികളെ പ്രവേശന കവാടത്തിൽ തന്നെ തെർമൽ സ്കാനിംഗിന് വിധേയമാക്കുകയും രോഗലക്ഷണം ഇല്ല എന്ന് ഉറപ്പാക്കുക യും ചെയ്യും. വിദ്യാർഥികൾ മാസ്ക് നിർബന്ധമായും ധരിച്ചിരിക്കണം.
പരീക്ഷയുടെ തലേ ദിവസവും പരീക്ഷ കഴിഞ്ഞതിനുശേഷവും പരീക്ഷാ കേന്ദ്രങ്ങൾ ഫയർഫോഴ്സിന്റെ നേതൃത്തിൽ അണുവിമുക്തമാക്കും. വിദ്യാർഥികൾക്ക് യാത്രാസൗകര്യം ലഭ്യമാക്കുന്നതിനായി കെഎസ്ആർടിസി പ്രത്യേക സർവീസ് നടത്തുന്നതിനും പരീക്ഷാ കേന്ദ്രങ്ങളിലേക്ക് വിദ്യാർഥികളുടെ ആവശ്യപ്രകാരം രാവിലെയും വൈകുന്നേരവും സ്പെഷൽ സർവീസ് നടത്തുന്നതിനും കെഎസ്ആർടിസി സൗകര്യം ഒരുക്കും. ’ബസ് ഓണ്‍ ഡിമാൻഡ്’ പദ്ധതിയും കെഎസ്ആർടിസി ഒരുക്കിയിട്ടുണ്ട്.
നിലവിൽ ക്വാറന്റൈൻ കാലാവധി കഴിഞ്ഞവരും ക്വാറന്റൈൻ കാലാവധി പൂർത്തിയാക്കിയിട്ടില്ലാത്ത വരും നിർബന്ധമായും പരീക്ഷയ്ക്കെത്തുന്നതിനു മുന്‍പായി ആരോഗ്യപ്രവർത്തകരെ ബന്ധപ്പെട്ട് അവരവരുടെ നിർദേശങ്ങൾ പാലിക്കണം.
സൂപ്പർ സ്പ്രെഡ് മേഖലകളിൽ നിന്നും പരീക്ഷയ്ക്കെത്തുന്ന വിദ്യാർഥികൾക്ക് സുരക്ഷിതമായി പരീക്ഷയെഴുതാൻ വേണ്ട സംവിധാനങ്ങൾ ഒരുക്കുന്നതിനുള്ള നിർദേശങ്ങൾ നൽകിയിട്ടുണ്ട്. രാവിലെയും ഉച്ചകഴിഞ്ഞുമായി പരീക്ഷ നടക്കുന്നതിനാൽ വിദ്യാർഥികൾ വെളളം, ഉച്ചഭക്ഷണം എന്നിവ കരുതേണ്ടതാണ്. ക്വാറന്റൈൻ/അന്യസംസ്ഥാനക്കാരായ വിദ്യാർഥികളുടെ ഉത്തരക്കടലാസുകൾ പ്രത്യേകം സീൽ ചെയ്താണ് സൂക്ഷിക്കും.
രക്ഷിതാക്കളുടെയും വിദ്യാർഥികളുടെയും സംശയനിവാരണത്തിനായി കീം ഹെൽപ്പ് ലൈൻ നന്പരായ 0471 2525300 എന്ന നന്പരിൽ ബന്ധപ്പെടാവുന്നതാണ്.
കീം പ്രവേശന പരീക്ഷ: ആശങ്ക വേണ്ട
12:25 AM Jul 12, 2020 | Deepika.com