തിരുവല്ല: ഡോ. ഗീവര്‍ഗീസ് മാര്‍ തിയഡോഷ്യസ് എപ്പിസ്കോപ്പ ഇന്ന് മാര്‍ത്തോമ്മാ സഭയുടെ സഫ്രഗന്‍ മെത്രാപ്പോലീത്തയായി അവരോധിതനാകും. രാവിലെ ഒമ്പതിന് സഭാ ആസ്ഥാനമായ തിരുവല്ല പുലാത്തീനിലെ ചാപ്പലില്‍ ഡോ. ജോസഫ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്തയുടെ മുഖ്യകാര്‍മികത്വത്തിലാണ് സ്ഥാനാരോഹണ ചടങ്ങുകള്‍. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടാണ് ചടങ്ങുകള്‍.
ഡോ. ഗീവര്‍ഗീസ് മാര്‍ തിയഡോഷ്യസിനെ കഴിഞ്ഞ ഫെബ്രുവരി 18നാണ് സഭയുടെ സഫ്രഗന്‍ മെത്രാപ്പോലീത്തയായി നിയമിച്ചത്. ലോക്ക്ഡൗണ്‍ കാരണം സ്ഥാനാരോഹണം നീട്ടിവയ്ക്കേണ്ടിവന്നു.
കൊല്ലം അഷ്ടമുടി കിഴക്കേചക്കാലയില്‍ ഡോ. കെ.ജെ. ചാക്കോയുടെയും മേരിയുടെയും മകനായി 1949 ഫെബ്രുവരി 19നാണ് ജനനം. ജോര്‍ജ് ജേക്കബ് എന്നായിരുന്നു ആദ്യപേര്. തേവള്ളി മാര്‍ത്തോമ്മാ ഇടവകാംഗമാണ്. പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം ബംഗാള്‍ വിശ്വഭാരതി സര്‍വകലാശാലയില്‍നിന്ന് മാസ്റ്റേഴ്സ് ബിരുദവും കാനഡ ഹാമില്റ്റണ് സര്‍വകലാശാലയില്‍നിന്ന് ഡോക്ടറേറ്റും നേടി.
വൈദികപഠനത്തിനുശേഷം 1972 ജൂണ്‍ 24ന് ശെമ്മാശനും 1973 ഫെബ്രുവരി 24ന് വൈദികനുമായി. 1989 ഡിസംബര്‍ ഒമ്പതിന് സഭയില്‍ ഗീവര്‍ഗീസ് മാര്‍ തിയഡോഷ്യസ് എന്ന പേരില്‍ എപ്പിസ്കോപ്പയായി വാഴിക്കപ്പെട്ടു.
കുന്നംകുളം, നോര്‍ത്ത് അമേരിക്ക, മലബാര്‍, തിരുവനന്തപുരം - കൊല്ലം, ചെന്നൈ - ബംഗളൂരു, മലേഷ്യ - സിങ്കപ്പൂര്‍ ഭദ്രാസനങ്ങളുടെ ചുമതല നേരത്തേ വഹിച്ചിട്ടുണ്ട്. നിലവില്‍ മുംബൈ ഭദ്രാസനാധ്യക്ഷനായ അദ്ദേഹം കഴിഞ്ഞ ഒന്നിന് റാന്നി - നിലയ്ക്കല്‍ ഭദ്രാസനത്തിന്റെ ചുമതലയും ഏറ്റെടുത്തു.
ഡോ. ഗീവര്‍ഗീസ് മാര്‍ തിയഡോഷ്യസ് എപ്പിസ്കോപ്പ ഇന്ന് മാര്‍ത്തോമ്മാ സഭാ സഫ്രഗന്‍ മെത്രാപ്പോലീത്തയാകും
12:24 AM Jul 12, 2020 | Deepika.com