തിരുവനന്തപുരം: ഡോക്ടർമാർ, നഴ്സുമാർ അടക്കമുള്ള ആരോഗ്യമേഖലയിലെ പ്രഫഷണലുകൾക്ക് ജോലിചെയ്യാനും തുടർപഠനത്തിനും ആവശ്യമായ ഒക്യുപ്പേഷണൽ ഇംഗ്ലീഷ് ടെസ്റ്റിന് (ഒഇടി) അമേരിക്കയിൽ അംഗീകാരം. യുകെ, ഓസ്ട്രേലിയ തുടങ്ങി ഒൻപത് രാജ്യങ്ങൾ നേരത്തേതന്നെ ഒഇടി അംഗീകരിച്ചിട്ടുണ്ട്.
ഇംഗ്ലീഷ് സംസാരഭാഷയായ രാജ്യങ്ങളിൽ തുടർപഠനത്തിനും തൊഴിലെടുക്കാനും ആഗ്രഹിക്കുന്ന അന്താരാഷ്ട്ര മെഡിക്കൽ ബിരുദധാരികളുടെ ആശയവിനിമയശേഷി വിലയിരുത്തുന്ന ഈ പരീക്ഷ അമേരിക്കകൂടി അംഗീകരിച്ചതോടെ കേരളത്തിൽനിന്നുള്ള ആരോഗ്യപ്രവർത്തകർക്ക് ഒട്ടേറെ തൊഴിലവസരങ്ങൾ ലഭിക്കുമെന്നാണു വിലയിരുത്തപ്പെടുന്നത്. യുഎസിൽ ഒഇടി അംഗീകരിക്കപ്പെട്ടതിൽ സന്തോഷമുണ്ടെന്ന് ഒഇടി സിഇഒ സുജാത സ്റ്റീഡ് അഭിപ്രായപ്പെട്ടു.
അമേരിക്കയിൽ മെഡിക്കൽ പ്രഫഷൻ ആഗ്രഹിക്കുന്നവർക്ക് ധാരാളം അവസരങ്ങളാണു തുറന്നുകിട്ടുന്നത്. അന്താരാഷ്ട്ര കരിയറിനുള്ള പാസ്പോർട്ട് എന്ന നിലയിലേക്ക് വലിയ അംഗീകാരമാണ് ഒഇടി നേടുന്നതെന്ന് അവർ കൂട്ടിച്ചേർത്തു.
എജ്യുക്കേഷണൽ കമ്മീഷൻ ഫോർ ഫോറിൻ മെഡിക്കൽ ഗ്രാജ്വേറ്റ്സ് (ഇസിഎഫ്എംജി) ഫൗണ്ടേഷൻ ഫോർ അഡ്വാൻസ്മെന്റ് ഓഫ് ഇന്റർനാഷണൽ എജ്യുക്കേഷൻ ആൻഡ് റിസർച്ച്, ഫ്ളോറിഡ ബോർഡ് ഓഫ് നഴ്സിംഗ്, ഒറിഗോണ് സ്റ്റേറ്റ് ബോർഡ് ഓഫ് നഴ്സിംഗ് എന്നിവയുടെ അംഗീകാരമാണ് ഇപ്പോൾ ഒഇടിക്കു ലഭിച്ചിരിക്കുന്നത്.
യുഎസിൽ റസിഡൻസി, ഫെലോഷിപ്പ് പ്രോഗ്രാമുകൾക്കും മെഡിക്കൽ ലൈസൻസിംഗ് അഥോറിറ്റിയിൽനിന്ന് പ്രാക്ടീസിംഗ് ലൈസൻസ് കിട്ടാനും ഇസിഎഫ്എംജി സർട്ടിഫിക്കറ്റ് നിർബന്ധമാണ്.
കോവിഡ് പ്രതിസന്ധി മൂലം സ്റ്റെപ്പ് ടു ക്ലിനിക്കൽ സ്കിൽസ് സസ്പെൻഡ് ചെയ്ത സാഹചര്യത്തിൽ ഇത് പ്രത്യേകം ശ്രദ്ധേയമാണ്. യുഎസിൽ പ്രാക്ടീസ് ചെയ്യാൻ അവിടത്തെ മെഡിക്കൽ ലൈസൻസിംഗ് പരീക്ഷയായ യുഎസ്എംഎൽഇ പാസായിരിക്കണം. അതിന് ഇസിഎഫ്എംജി സർട്ടിഫിക്കേഷൻ നിർബന്ധമാണ്.
ഫ്ളോറിഡയിലും ഒറിഗോണിലും ഒഇടിക്കു ലഭിച്ച അംഗീകാരം പ്രാബല്യത്തിൽ വരുന്നത് ഈ വർഷം അവസാനത്തോടെയാണെങ്കിലും ഇപ്പോൾ പരീക്ഷയെഴുതുന്നവരുടെ ഫലങ്ങൾവരുന്പോൾ തന്നെ ജോലിക്കും തുടർപഠനത്തിനുമുള്ള അവസരങ്ങൾ ലഭിക്കും.
ഇസിഎഫ്എംജി സർട്ടിഫിക്കറ്റ് നേടാൻ വായന, എഴുത്ത്, കേൾവി, സംസാരം എന്നീ വിഭാഗങ്ങളിൽ ചുരുങ്ങിയത് നാല് ഗ്രേഡ് ബി (350 സ്കോർ) ആണു വേണ്ടത്.
ഒറിഗോണിലേക്ക് നഴ്സിംഗ് ജോലിക്ക് അപേക്ഷിക്കാനും കുറഞ്ഞത് നാല് ഗ്രേഡ് ബി (350 സ്കോർ) വേണം. എന്നാൽ ഫ്ളോറിഡയിൽ നഴ്സിംഗിന് നാല് ഗ്രേഡ് സി (300 സ്കോർ) ആണു വേണ്ടത്.2018 ജൂലൈ ഒന്നിനോ അതിനു ശേഷമോ ലഭിച്ച കുറഞ്ഞ സ്കോറുകൾ ഇസിഎഫ്എംജി അംഗീകരിക്കുന്നതാണ്.
ഒക്യുപ്പേഷണൽ ഇംഗ്ലീഷ് ടെസ്റ്റിന് അമേരിക്കയിൽ അംഗീകാരം
12:24 AM Jul 12, 2020 | Deepika.com