കൊച്ചി: നയതന്ത്ര ചാനല്‍ വഴിയുള്ള സ്വര്‍ണക്കടത്ത് ദേശീയ സുരക്ഷയെ ബാധിക്കുന്ന വിഷയമാണെന്നും യുഎപിഎ പ്രകാരമുള്ള കുറ്റങ്ങള്‍ ചുമത്തിയാണ് ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്നു കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയില്‍.
രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധത്തെ ബാധിക്കുന്ന പ്രവര്‍ത്തനങ്ങള്‍ തീവ്രവാദമാണ്. അതീവ ഗൗരവകരമായ ഈ കേസിൽ പ്രതിയായ സ്വപ്ന സുരേഷിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതിക്ക് ഇപ്പോള്‍ പരിഗണിക്കാന്‍ കഴിയില്ലെന്നും കേന്ദ്രസര്‍ക്കാർ പറഞ്ഞു.
സ്വപ്നയ്ക്കു മുന്‍കൂര്‍ ജാമ്യം നല്‍കുന്നതിനെ എന്‍ഐഎയുടെ അഭിഭാഷകനും എതിര്‍ത്തു. എന്‍ഐഎ കേസെടുത്ത സാഹചര്യത്തില്‍ എഫ്ഐആറിന്റെ പകര്‍പ്പ് ലഭ്യമാക്കണമെന്നും കേന്ദ്ര സര്‍ക്കാരിന്റെ വാദങ്ങള്‍ക്കു മറുപടി നല്കാന് സമയം വേണമെന്നും സ്വപ്നയുടെ അഭിഭാഷകന് ആവശ്യപ്പെട്ടു. തുടര്‍ന്നു ജസ്റ്റീസ് അശോക് മേനോന് സ്വപ്നയുടെ ഹര്‍ജി വിശദമായ വാദത്തിനു 14 ലേക്കു മാറ്റി.
തീവ്രവാദ കേസുകളില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ എന്‍ഐഎ കോടതിയാണ് പരിഗണിക്കുകയെന്നും ഹൈക്കോടതി പരിഗണിക്കേണ്ടതില്ലെന്നും കേന്ദ്ര സര്‍ക്കാരിനു വേണ്ടി ഡല്‍ഹിയില്‍നിന്നു വീഡിയോ കോണ്‍ഫറന്‍സിംഗ് മുഖേന ഹാജരായ അഡ്വ. രവിപ്രകാശ് വാദിച്ചു. യുഎപിഎ (അൺലോഫുൾ ആ ക്ടിവിറ്റീസ് പ്രിവന്റേഷൻ ആക്ട്) സെക്ഷന്‍ 21 (4) പ്രകാരം ഹൈക്കോടതിക്ക് അപ്പീല്‍ അധികാരമാണുള്ളത്.
ഇക്കാര്യം ഹൈക്കോടതിതന്നെ 2014 ല്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്‍ഐഎ കേസ് എടുത്തതിനാല്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യ ഹര്‍ജി നിലനില്‍ക്കില്ല.
യുഎപിഎയിലെ 16,17,18 സെക്ഷനുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സെക്ഷന്‍ 16 -തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ശിക്ഷ, സെക്ഷന്‍ 17 -തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ട് ഉണ്ടാക്കല്‍, സെക്ഷന്‍ 18 -ഗൂഢാലോചനയ്ക്കുള്ള ശിക്ഷ എന്നീ വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്. അതീവ ഗുരുതര പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്ന സംഭവമാണെന്നും വിശദമായ അന്വേഷണം വേണമെന്നും കേന്ദ്ര സര്‍ക്കാര്‍ പറഞ്ഞു. നിലവിലെ സാഹചര്യത്തില്‍ അന്വേഷണം മുന്നോട്ടുപോകുന്നതിനു ഹര്‍ജിക്കാരിയെ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും കേന്ദ്രസര്‍ക്കാരിനു വേണ്ടി ഹാജരായ അഡ്വ. കെ. രാംകുമാര്‍ പറഞ്ഞു.
എന്‍ഐഎ കേസ് രജിസ്റ്റര്‍ ചെയ്തത് അറിഞ്ഞി ല്ലെന്നു ഹര്‍ജിക്കാരിയുടെ അഭിഭാഷകന് ടി.കെ. രാജേഷ് കുമാര്‍ വ്യക്തമാക്കി. എഫ്ഐആറിന്റെ പകര്‍പ്പ് ലഭ്യമല്ലാത്തതിനാൽ ആരോപണങ്ങള്‍ എന്തൊക്കെയാണെന്നും വ്യക്തമല്ലെന്നും അഭിഭാഷകന് പറഞ്ഞു.
ദേശീയ സുരക്ഷയെ ബാധിക്കുന്ന വിഷയമെന്നു കേന്ദ്രം ; കുരുക്കു മുറുക്കി യുഎപിഎ
01:45 AM Jul 11, 2020 | Deepika.com