തിരുവനന്തപുരം: അന്താരാഷ്ട്ര മാനമുള്ള സ്വർണക്കടത്തു കേസിൽ പ്രതികളെ രക്ഷിക്കാൻവേണ്ടി മുഖ്യമന്ത്രിയുടെ ഓഫീസ് പ്രത്യക്ഷമായി ഇടപെട്ട സാഹചര്യത്തിൽ പിണറായി വിജയൻ രാജിവച്ചു അന്വേഷണം നേരിടണമെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ഇടപെടൽ പുറത്തുവന്നശേഷമാണ് അദ്ദേഹത്തിന്റെ പ്രിൻസിപ്പൽ സെക്രട്ടറിയെ തത്സ്ഥാനത്തുനിന്നു മാറ്റേണ്ടിവന്നത്.
കഴിഞ്ഞ നാലര വർഷക്കാലം കേരളത്തിന്റെ പൊതുസ്വത്ത് കൊള്ളയടിച്ചു നാടിനെ മുടിച്ച ഒരു മുഖ്യമന്ത്രിക്കു കൂട്ടുനിന്ന പ്രിൻസിപ്പൽ സെക്രട്ടറിയെയാണു പുറത്താക്കേണ്ടി വന്നിരിക്കുന്നത്. ഇത്രയും നാൾ മുഖ്യമന്ത്രി കണ്ണടച്ച് പാലുകുടിക്കുകയായിരുന്നുവെന്നും രമേശ് ചെന്നിത്തല പത്രസമ്മേളനത്തിൽ പറഞ്ഞു.
സിബിഐ അന്വേഷണവും മുഖ്യമന്ത്രിയുടെ രാജിയും ആവശ്യപ്പെട്ടുകൊണ്ട് ഇന്നു പഞ്ചായത്തുതലത്തിൽ യുഡിഎഫ് പ്രവർത്തകർ ധർണ നടത്തുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
സിബിഐ അന്വേഷണം വേണം: കുഞ്ഞാലിക്കുട്ടി
മലപ്പുറം: നയതന്ത്ര ചാനൽ ഉപയോഗിച്ച് നടന്ന സ്വർണക്കടത്തിനെക്കുറിച്ച് സിബിഐ അന്വേഷിക്കണമെന്ന് മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എംപി. രാജ്യരക്ഷയെ ബാധിക്കുന്ന ഈ കേസിനെ മുസ്ലിം ലീഗും യുഡിഎഫും അതീവ ഗൗരവമുള്ള വിഷയമായാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.
സ്വർണക്കടത്തുമായി പ്രതിക്ക് നേരിട്ട് ബന്ധമുള്ളതിനാൽ മുഖ്യമന്ത്രിയുടെ ഓഫീസും അന്വേഷണത്തിന്റെ പരിധിയിൽ വരണമെന്ന് കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു.
മുഖ്യമന്ത്രിയെ രക്ഷപ്പെടാന്‍ അനുവദിക്കില്ല: ബെന്നി ബഹനാന്
കൊച്ചി: തിരുവനന്തപുരം വിമാനത്താവളം വഴി നയതന്ത്ര പരിരക്ഷയോടെ നടത്തിയ സ്വര്‍ണക്കള്ളക്കടത്ത് രാജ്യസുരക്ഷയുടെ പ്രശ്നമാണെന്നും അതിനെ നിസാരവല്കരിച്ച് രക്ഷപ്പെടാന്‍ മുഖ്യമന്ത്രിയെ അനുവദിക്കില്ലെന്നും യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബഹനാന് എംപി. സ്വര്‍ണക്കള്ളക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനുള്ള ബന്ധം സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ടു ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ എറണാകുളം മേനക ജംഗ്ഷനില്‍ സംഘടിപ്പിച്ച പ്രതിഷേധ ധര്‍ണ ഉദ്ഘാടനംചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
മുഖ്യമന്ത്രിയുടെ സെക്രട്ടറിയായിരുന്ന ശിവശങ്കരനെ മാറ്റിയാല്‍ ഈ രാജ്യദ്രോഹ ഇടപാടിന്റെ കണ്ണികള്‍ മുറിയില്ല. വിക്രം സാരാഭായ് സ്പേസ് സെന്ററുമായി ബന്ധമുള്ള ഐടി വകുപ്പിന്റെ സ്പേസ് പാര്‍ക്കിലെ സ്വപ്നയുടെ നിയമനം കരാര്‍ അടിസ്ഥാനത്തിലുള്ള താല്കാലിക നിയമനമായിരുന്നു എന്നുപറഞ്ഞ് വിഷയത്തെ ലഘൂകരിക്കാന്‍ മുഖ്യമന്ത്രി ശ്രമിക്കുകയാണ്.
കേസില്‍ മുഖ്യപ്രതിയായ സ്വപ്നയെ പോലീസ് ഇതുവരെ അന്വേഷിക്കാന്‍ കൂട്ടാക്കാത്തത് പ്രതിയും മുഖ്യമന്ത്രിയും തമ്മിലുള്ള ബന്ധം വ്യക്തമാക്കുന്നതാണെന്നും ബെന്നി ബഹനാന് പറഞ്ഞു.
മുഖ്യമന്ത്രി രാജിവച്ച് അന്വേഷണം നേരിടണം: ചെന്നിത്തല
12:34 AM Jul 09, 2020 | Deepika.com