കൊച്ചി: തിരുവനന്തപുരം വിമാനത്താവളത്തില്‍ ഡിപ്ലോമാറ്റിക് ബാഗേജിലൂടെ സ്വര്‍ണം കടത്തിയ സംഭവത്തില്‍ സ്വപ്ന സുരേഷിനു മുഖ്യപങ്കെന്നു കസ്റ്റംസ്. യുഎഇ കോണ്‍സുലേറ്റിലെ മുന്‍ എക്സിക്യൂട്ടീവ് സെക്രട്ടറിയായ ഇവരുടെ വിദേശയാത്രകളെക്കുറിച്ചും ഇടപാടുകളെക്കുറിച്ചും വിശദ അന്വേഷണം നടത്തുമെന്നും കസ്റ്റംസ് വ്യക്തമാക്കി. കേസില്‍ പിടിയിലായ പി.എസ്. സരിത്താണ് സ്വര്‍ണക്കടത്തില്‍ സ്വപ്നയുടെ പങ്ക് വെളിപ്പെടുത്തിയത്.
സ്വര്‍ണക്കടത്ത് പിടികൂടിയതോടെ സരിത്ത് തന്റെ ഫോണ്‍ ഫോര്‍മാറ്റ് ചെയ്തു പ്രധാന തെളിവുകള്‍ നശിപ്പിച്ചതായി കസ്റ്റംസ് കണ്ടെത്തി. കോണ്‍സുലേറ്റിന്റെ പേരില്‍ വന്ന സ്വര്‍ണമടങ്ങിയ ബാഗേജ് ഒപ്പിട്ടു വാങ്ങിയത് സരിത്താണ്. യുഎഇ കോണ്‍സുലേറ്റിലെ പിആര്‍ഒ എന്ന പേരിലായിരുന്നു ഇത്. വിദേശത്തുനിന്നു സ്വര്‍ണം ആരാണ് അയച്ചത്? ആര്‍ക്കുവേണ്ടി? കൂട്ടാളികള്‍ ആരൊക്കെ? എന്നുള്ള ചോദ്യങ്ങള്‍ക്ക് സരിത്ത് വ്യക്തമായ മറുപടി നല്‍കിയിട്ടില്ല.
യുഎഇയില്‍ പലചരക്ക് കട നടത്തുന്ന ഫാസില്‍ വഴിയാണു ബാഗേജ് അയച്ചത്. കോണ്‍സുലേറ്റിലേക്കുള്ള ഭക്ഷ്യസാധനങ്ങളാണ് ഇതില്‍ നിറച്ചതെന്നാണു കാണിച്ചിരുന്നത്. ഈന്തപ്പഴം, പാല്‍പ്പൊടി, മാഗി കറി പായ്ക്കറ്റ്, ബട്ടര്‍ കുക്കീസ്, നൂഡില്‍സ് തുടങ്ങിയവയാണു കോണ്‍സുലേറ്റ് ഓര്‍ഡര്‍ നല്‍കിയിരുന്നത്. എന്നാല്‍ ബാഗേജില്‍ 14.82 കോടി രൂപയുടെ 30 കിലോഗ്രാം സ്വര്‍ണമാണുണ്ടായിരുന്നത്. സ്വര്‍ണം അയച്ചത് തങ്ങളുടെ അറിവോടെയല്ലെന്നു കോണ്‍സുലേറ്റ് അധികൃതര്‍ കസ്റ്റംസിനെ അറിയിച്ചിട്ടുണ്ട്.
സ്വര്‍ണക്കടത്ത് കേസ് ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര വിഷയംകൂടിയായതിനാല്‍ പിഴവില്ലാത്ത അന്വേഷണം നടത്തേണ്ടതുണ്ടെന്നു കസ്റ്റംസ് അധികൃതര്‍ വ്യക്തമാക്കി. റിമാന്‍ഡ് ചെയ്ത സരിത്തിനെ അന്വേഷണത്തിനായി വിട്ടുകിട്ടാന്‍ കസ്റ്റംസ് അപേക്ഷ നല്‍കിയിട്ടുണ്ട്.
സ്വപ്നയ്ക്കു മുഖ്യപങ്കെന്നു കസ്റ്റംസ്
01:02 AM Jul 08, 2020 | Deepika.com