തിരുവനന്തപുരം: കോവിഡ്-19 രോഗവ്യാപനം തടയുന്നതിനായി തിരുവനന്തപുരം കോർപറേഷൻ പരിധിയിൽ ഇന്നലെ മുതൽ ഏർപ്പെടുത്തിയ ട്രിപ്പിൾ ലോക്ക് ഡൗണിൽ ഇന്നു മുതൽ ഇളവുകൾ ഏർപ്പെടുത്തി. മുന്നറിയിപ്പില്ലാതെയുള്ള ലോക്ക് ഡൗണ്‍ പ്രഖ്യാപനം ജനങ്ങളെ വലച്ചതോടെയാണിത്.
പാൽ, പച്ചക്കറി, പലചരക്ക് സാധനങ്ങൾ വിൽക്കുന്ന കടകൾ, കന്നുകാലിത്തീറ്റ, വെറ്ററിനറിമരുന്നുകൾ വിൽക്കുന്ന കടകൾ എന്നിവയ്ക്കു രാവിലെ ഏഴുമുതൽ 11 വരെ മാനദണ്ഡങ്ങൾ പാലിച്ച് പ്രവർത്തിക്കുന്നതിന് അനുമതി നൽകിക്കൊണ്ടാണ് പുതിയ ഉത്തരവ്.
ട്രിപ്പിൾ ലോക്ക്ഡൗണിൽ നിന്ന് ഒഴിവാക്കപ്പെട്ട സ്ഥാപനങ്ങൾ അത്യാവശ്യം ജീവനക്കാരെ മാത്രം ഉൾപ്പെടുത്തിവേണം പ്രവർത്തിക്കാം. ഇക്കാര്യം ഓഫീസ് മേലധികാരി ഉറപ്പുവരുത്തണം. ഇവർക്ക് ജോലിക്കെത്താൻ ഓഫീസ് മേലധികാരി സാക്ഷ്യപ്പെടുത്തിയ രേഖ നൽകണം. യാത്രചെയ്യുന്നവർ ഈ രേഖയും ഓഫീസ് ഐഡി കാർഡും കൈവശം കരുതണം. ടെക്നോപാർക്കിൽ അടിയന്തരമായി പ്രവർത്തിക്കേണ്ട സ്ഥാപനങ്ങൾ യാത്രാപാസിനായി സിഇഒ മുഖേന എഡിഎമ്മിന് അപേക്ഷ സമർപ്പിക്കണം. കന്നുകാലി, കോഴി ഫാമുകൾ, എഫ്സിഐസിവിൽ സപ്ലൈസ് വെയർ ഹൗസുകൾ എന്നിവ പരമാവധി ജീവനക്കാരെ കുറച്ച് പ്രവർത്തിക്കണം. ട്രിപ്പിൾ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച പ്രദേശങ്ങളിൽ കുറഞ്ഞത് 10 ജനകീയ ഹോട്ടലുകൾ ആരംഭിക്കാൻ കുടുംബശ്രീക്ക് നിർദേശം നൽകി.
ഭക്ഷണം ജനകീയ ഹോട്ടൽ വഴി
വീടുകളിൽ ഒറ്റയ്ക്കു താമസിക്കുന്ന 65 വയസിനു മുകളിൽ പ്രായമുള്ളവർ, ഭിന്നശേഷിക്കാർ, കാന്റീൻ സൗകര്യമില്ലാതെ ഹോട്ടൽ, ലോഡ്ജുകളിൽ താമസിക്കുന്നവർ എന്നിവർക്ക് ജനകീയ ഹോട്ടൽ വഴി ഭക്ഷണം എത്തിച്ചുനൽകും.
ഭക്ഷണം ആവശ്യമുള്ളവർ 9061917457, 8921663642, 9400939914, 9020078480, 7012389098 എന്നീ നന്പരുകളിൽ രാവിലെ എട്ടിനു മുൻപ് ബന്ധപ്പെടണം. സ്ഥിരമായി ഭക്ഷണം നൽകുന്നവർക്കു ഭക്ഷണം എത്തിക്കുന്നതിനു ഓണ്‍ലൈൻ ഭക്ഷണ വിതരക്കാർക്കും അനുമതിയുണ്ട്.
ട്രിപ്പിൾ ലോക്ക്ഡൗണിൽ ഇന്നു മുതൽ ഇളവുകൾ
12:57 AM Jul 07, 2020 | Deepika.com