ഒരു രാജ്യത്തെ പ്രതിനിധീകരിച്ച് മറ്റൊരു രാജ്യത്തു പ്രവര്‍ത്തിക്കുന്ന നയതന്ത്ര ഉദ്യോഗസ്ഥവൃന്ദത്തിന്റെ പ്രധാന ചുമതല ആതിഥേയ രാജ്യവും അതിഥി രാജ്യവും തമ്മിലുള്ള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുകയാണ് . രാജ്യതലസ്ഥാനങ്ങളില്‍ എംബസികളിലൂടെയാണ് പ്രവര്‍ത്തനം. രാജ്യ തലസ്ഥാനത്തുള്ള എംബസിയുടെ മറ്റു നഗരങ്ങളിലെ അനുബന്ധ ഓഫീസാണ് കോണ്‍സുലേറ്റ്. ഏതുരാജ്യത്തെ എംബസി(കോണ്‍സുലേറ്റ്) ആണോ ആ രാജ്യത്തെ നിയമങ്ങളാണ് ബാധകം.
നയതന്ത്ര ഉദ്യോഗസ്ഥര്‍ സ്വന്തം രാജ്യത്തേക്കോ മറ്റു നയതന്ത്ര പ്രവര്‍ത്തകര്‍ക്കോ കൈമാറുന്നതിനായി കത്തുകള്‍, മറ്റു സാമഗ്രികള്‍ എന്നിവ അയയ്ക്കുന്ന നയതന്ത്ര പരിരക്ഷയുള്ള പെട്ടിയാണ് ഡിപ്ലോമാറ്റിക് ബാഗ്. അയയ്ക്കുന്നവരും സ്വീകരിക്കുന്നവരുമല്ലാതെ മൂന്നാമതൊരാള്‍ക്ക് ബാഗ് തുറക്കാന്‍ അനുമതിയില്ലെന്നു പൊതുചട്ടം. 1961ലെ വിയന്നകരാര്‍ അനുസരിച്ച് നയതന്ത്രബാഗ് പിടിച്ചെടുക്കാനോ പരിശോധിക്കാനോ ആതിഥേയ രാജ്യത്തിന് അനുമതിയില്ല. രഹസ്യങ്ങള്‍ കൈമാറാന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ ഡിപ്ലോമാറ്റിക് ബാഗ് ഉപയോഗിക്കുന്നു.
എന്നാല്‍, മറ്റുപല ആവശ്യങ്ങള്‍ക്കും ഡിപ്ലോമാറ്റിക് ബാഗ് ഉപയോഗിച്ചിട്ടുണ്ടെന്നു ചരിത്രം. രണ്ടാം ലോകമഹായുദ്ധകാലത്ത് ബ്രിട്ടീഷ് പ്രധാനമന്ത്രി വിൻസ്റ്റണ്‍ ചര്‍ച്ചില്‍ ഡിപ്ലോമാറ്റിക് ബാഗിലൂടെ ക്യൂബയില്‍നിന്നു ചുരുട്ട് എത്തിച്ചു. യുദ്ധസമയത്ത് നിഷ്പക്ഷ രാജ്യങ്ങളുടെ വിവരങ്ങളും ഇതിലൂടെയാണു ബ്രിട്ടന് കൈമാറിയത്. 1984 ല്‍ ഉമാറു ഡിക്കോ എന്ന മുന്‍ നൈജീരിയന്‍ മന്ത്രിയെ വിചാരണയ്ക്കായി ഡിപ്ലോമാറ്റിക് ബാഗില്‍ യുകെയില്‍നിന്നു നൈജീരിയയിലേക്ക് കടത്താന്‍ ശ്രമിച്ചെങ്കിലും പിടിക്കപ്പെട്ടു. ഡിപ്ലോമാറ്റിക് ബാഗ് എന്നു രേഖപ്പെടുത്തി സീല്‍ ചെയ്യാത്തതിനാല്‍ ബ്രട്ടീഷ് കസ്റ്റംസ് വിമാനത്താവളത്തില്‍ ബാഗ് തുറന്നു പരിശോധിച്ചു.
2000 ല്‍ ബ്രിട്ടന്റെ ഡിപ്ലോമാറ്റിക് ബാഗ് സിംബാബ്വേ തുറന്നു പരിശോധിച്ചതു വിവാദമായി. അന്താരാഷ്ട്ര ബഹിരാകാശനിലയത്തിലെ ടോയ്ലെറ്റ് പമ്പ് ഡിപ്ലോമാറ്റിക് ബാഗിലൂടെ റഷ്യ അമേരിക്കയ്ക്ക് അയച്ചു കൊടുത്തിട്ടുണ്ട്. 2016 ല്‍ 16 കിലോ കൊക്കെയ്ന്‍ ഡിപ്ലോമാറ്റിക് ബാഗില്‍ ന്യൂയോര്‍ക്കിലെ യുഎന്‍ ആസ്ഥാനത്തേക്ക് എന്ന പേരിലെത്തി. ഇക്വഡോറിന്റെ നയതന്ത്രബാഗില്നിന്ന് 2012 ജനുവരിയില്‍ ഇറ്റലി 40 കിലോഗ്രാം കൊക്കെയ്ന്‍ കണ്ടെത്തി.
ഡിപ്ളോമാറ്റിക് ബാഗ്: നയതന്ത്ര പരിരക്ഷയുള്ള പെട്ടി
12:36 AM Jul 07, 2020 | Deepika.com