രാജകുമാരി: ശാന്തന്‍പാറ രാജാപ്പാറയിലെ സ്വകാര്യ റിസോർട്ടിൽ കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് നിശാപാർട്ടിയും ബെല്ലി ഡാൻസും സംഘടിപ്പിച്ച സംഭവത്തിൽ ആറുപേരെ ശാന്തന്‍പാറ പോലീസ് അറസ്റ്റ് ചെയ്തു.കോതമംഗലം പിണ്ടിമന സ്വദേശി ബേസിൽ ജോസ് (35),കാന്തിപ്പാറ ചെമ്മണ്ണാർ സോജി കെ. ഫ്രാൻസിസ് (43), വെച്ചൂച്ചിറ മണ്ണടിശാല സ്വദേശി മനുകൃഷ്ണ (28) ,ഉടുന്പഞ്ചോല ആറ്റുപാറത്താവളം ബാബു മാധവൻ (49), ശാന്തന്‍പാറ രാജാപ്പാറ കുട്ടപ്പായി (50),ശാന്തന്‍പാറ കള്ളിപ്പാറ കണ്ണൻ (50) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
ഇവരെ പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. ക്രഷർ ഉടമയടക്കം 48 പേർക്കെതിരേ പോലീസ് കേസെടുത്തിട്ടുണ്ട്. ബെല്ലി ഡാൻസിൽ പങ്കെടുത്ത വിദേശ വനിതയെകുറിച്ചുള്ള അന്വേഷണം തുടരുകയാണെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു. പരിപാടി നടന്ന റിസോർട്ടിന്റെ ലൈസൻസ് റദ്ദുചെയ്യാനുള്ള നടപടികളും അധികൃതർ ആരംഭിച്ചു. കഴിഞ്ഞമാസം 28നു വൈകുന്നേരമാണ് ശാന്തന്‍പാറയ്ക്കു സമീപത്തെ രാജാപ്പാറ ജംഗിൾ പാലസ് റിസോർട്ടിൽ നടത്തിയ നിശാപാർട്ടിയിൽ യുക്രെയിനിൽനിന്നുള്ള യുവതിയുടെ ബെല്ലി ഡാൻസും അരങ്ങേറിയത്.കോവിഡ് നിയന്ത്രണങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ ക്ഷണിതാക്കളും സമീപവാസികളും ഉൾപ്പെടെ മുന്നൂറോളം പേർ ചടങ്ങിൽ പങ്കെടുത്തതായാണ് വിവരം.
പങ്കെടുത്തവർ പകർത്തിയ വീഡിയോ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെയാണ് സംഭവം വിവാദമാകുന്നതും സംഘാടകർക്കെതിരെ പോലീസ് കേസെടുക്കുന്നതും.
സ്വകാര്യറിസോർട്ടിൽ ബെല്ലി ഡാൻസും പാർട്ടിയും: ആറുപേർ അറസ്റ്റിൽ
12:36 AM Jul 07, 2020 | Deepika.com