കോട്ടയം: വിക്ടേഴ്സ് ചാനലിൽ സായ് ശ്വേത ടീച്ചർ പഠിപ്പിച്ച തങ്കുപൂച്ചയുടെയും മിട്ടുപൂച്ചയുടെയും കഥകൾ ഇനി ഗോത്രഭാഷകളിൽ കേൾക്കാം. പഠിക്കാം. സർക്കാർ തീരുമാനപ്രകാരം പത്ത് ഗോത്രഭാഷകളിൽ ഇന്നുമുതൽ ഓണ്‍ലൈൻ ക്ലാസുകൾ തുടങ്ങുന്നു. ഇടുക്കി ജില്ലയിലെ മന്നാൻ, മലപ്പുറം ജില്ലയിലെ ചോലനായ്കർ, മുതുവാൻ, അറനാടൻ, വയനാട്ടിലെ കാട്ടുനായ്ക്കർ, കുറിച്യ, കുറുമ, പണിയ, ഉൗരാളി, അടിയ എന്നിവരുടെ ഗോത്ര ഭാഷകളിൽ പ്രാവിണ്യം നേടിയ ഗോത്രബന്ധു അധ്യാപരാണ് ഒാൺലൈനിൽ ക്ലാസുകൾ നയിക്കുന്നത്. ഗോത്രഭാഷകളിലും പലതും വാമൊഴികളാണ്.
ലിപികളില്ല. ആദിവാസികൾക്ക് മലയാള ഭാഷയിൽ പ്രാഥമിക പഠനം ലഭിക്കാതെ വന്ന സാഹചര്യത്തിലാണ് മൂന്നു വർഷം മുൻപ് വയനാട്ടിൽ ഗോത്രബന്ധു അധ്യാപകരെ നിയമിച്ചത്. ഒാൺലൈൻ പഠനത്തിന്റെ ഒന്നാം ഘട്ടത്തിൽ വയനാട്ടിലെ ആറു ഗോത്രഭാഷാ ക്ലാസുകളാണ് ഒരുക്കിയിരിക്കുന്നത്. വിക്ടേഴ്സ് ചാനലിലും യൂ ട്യൂബിലും വാട്സ് ആപ്പിലും ടെലഗ്രാമിലും ഇന്ന് വീഡിയോകൾ ലഭ്യമാകും. കാട് പശ്ചാത്തലമാക്കിയാണ് പഠനദൃശ്യങ്ങൾ ക്രമീകരിച്ചിരിക്കുന്നത്.കോവിഡ് ദുരിതത്തിൽ സ്കൂളുകൾ തുറക്കാനാവാത്ത സാഹചര്യത്തിൽ ആവിഷ്കരിച്ച ഓണ്‍ലൈൻ അധ്യാപനം ആദിവാസി കുട്ടികൾക്ക് അപ്രാപ്യമായിരുന്നു. ആദിവാസികൾ സ്കൂളും പഠനവും വിട്ടൊഴിയുന്ന സാഹചര്യം ഒഴിവാക്കാനാണ് ഒന്നാം ക്ലാസ് മുതൽ ആട്ടവും പാട്ടുമൊക്കെയായി സിലബസ് ക്രമപ്പെടുത്തിയിരിക്കുന്നത്.
ക്ലാസ് ടീച്ചർ പഠിപ്പിക്കുന്പോൾ ബിഎഡും ടിടിസിയും നേടിയ ആദിവാസി വിഭാഗങ്ങളിൽനിന്നുള്ള ഗോത്ര ബന്ധു അധ്യാപകർ കുട്ടികൾക്കൊപ്പമിരുന്ന് അവരുടെ ഗോത്രഭാഷയിലേക്ക് ക്ലാസ് മൊഴിമാറ്റം ചെയ്തു കൊടുക്കും. ഓരോ മേഖലയിലും ഭൂരിപക്ഷമുള്ള ആദിവാസി വിഭാഗങ്ങളിലെ അധ്യാപകരാണ് അതാതു പ്രദേശങ്ങളിലെ ഗോത്രബന്ധു മെന്റർമാരായി പ്രവർത്തിക്കുന്നത്.
പടിഞ്ഞാറത്തറ ജിഎൽപിയിലെ കെ. മഞ്ജു പണിയ ഭാഷയിലും മീനങ്ങാടി അപ്പാട് ജിഎൽപി സ്കൂളിലെ എം.എസ്. ശ്രീജ കാട്ടുനായ്ക്ക ഭാഷയിലും മുത്തങ്ങ ജിഎൽപി സ്കൂളിലെ ശ്രീജ കുറുമ ഭാഷയിലും ക്ലാസെടുക്കും. ചെന്പിലോട് ജിഎൽപിഎസിലെ പി.സി. സിനി, ആൻഡൂർ ജിഎൽപി എസിലെ കൃഷ്ണജ, പനവല്ലി ജിഎൽപിഎസിലെ എം. അഞ്ജു എന്നിവരും അതാതു ഗോത്രഭാഷകളിൽ ക്ലാസുകൾ നയിക്കും. 267 ഗോത്രബന്ധു അധ്യാപകരാണ് ഗോത്ര ഭാഷാ പരിശീലനത്തിനായി നിയമിതരായിരിക്കുന്നത്. വൈകാതെ എല്ലാ അധ്യാപകരും ഓണ്‍ലൈൻ ക്ലാസിൽ പ്രാവീണ്യം നേടി അതാതു സ്കൂളുകളിൽ പഠിപ്പിക്കും.
സംസ്ഥാനത്തൊട്ടാകെ ഒരു ലക്ഷത്തോളം വിദ്യാർഥികൾ ഗോത്രവിഭാഗത്തിലുണ്ടെന്നാണു സർക്കാർ കണക്ക്. ഗോത്രവിഭാഗം കുട്ടികളെ പൂർണമായി പങ്കാളികളാക്കണമെന്നാണ് സംസ്ഥാന സർക്കാരിന്റെയും പൊതുവിദ്യാഭ്യാസവകുപ്പിന്റെയും തീരുമാനം.
റെജി ജോസഫ്
ആദിവാസി ഉൗരുകളിൽ ഗോത്രഭാഷയിൽ ഓണ്‍ലൈൻ പഠനം ഇന്നുമുതൽ
12:35 AM Jul 07, 2020 | Deepika.com