തിരുവനന്തപുരം: സംസ്ഥാന സർക്കാർ ഓഫീസുകളിൽ സാമൂഹിക അകലം പാലിച്ചു ജോലി ചെയ്യാൻ സൗകര്യമില്ലെങ്കിൽ ഗ്രൂപ്പ് സി, ഡി വിഭാഗത്തിൽ പെടുന്നവർക്ക് ഒന്നിടവിട്ട ദിവസങ്ങളിലോ ഓരോ ആഴ്ച ഇടവിട്ടോ ഹാജാരാകുന്ന വിധത്തിൽ ക്രമീകരണം ഏർപ്പെടുത്താൻ നിർദേശം.
ഹോട്ട്സ്പോട്ടുകളിൽനിന്നും കണ്ടെയ്ൻമെന്റ് സോണിൽനിന്നുമുള്ള ജീവനക്കാർക്ക് ഓഫീസിൽ വരുന്നതിൽനിന്ന് ഇളവു നൽകാമെന്നും കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടു സർക്കാർ ഓഫീസുകളുടെയും പൊതുമേഖലാ സ്ഥാപനങ്ങളുടെയും അർധസർക്കാർ സ്ഥാപനങ്ങളുടെയും പ്രവർത്തനം സംബന്ധിച്ചു പൊതുഭരണവകുപ്പു പുറത്തിറക്കിയ തുടർ ഉത്തരവിൽ പറയുന്നു. ഓഫീസുകളിൽ 50 ശതമാനം ജീവനക്കാർ ഹാജരായാൽ മതിയെന്ന ഉത്തരവിന്റെ കാലാവധി കഴിഞ്ഞ 30ന് അവസാനിച്ച സാഹചര്യത്തിലാണു പുതുക്കിയ ഉത്തരവിറക്കിയത്.
ഹോട്ട് ്പോട്ട്, കണ്ടെയ്ൻമെന്റ് സോണ് എന്നിവിടങ്ങളിൽ നിന്നുള്ള ജീവനക്കാരുടെ സേവനം ആവശ്യമായി വന്നാൽ മേലധികാരിയുടെ ആവശ്യപ്രകാരം ഓഫീസിലേക്കുള്ള യാത്രയ്ക്ക് അനുമതി നൽകും. ഈ ജീവനക്കാർ കൃത്യമായ അകലം പാലിക്കേണ്ടതും മറ്റു ജീവനക്കാരുമായി അടുത്തിടപഴകാതെ അത്യാവശ്യ ജോലി നിർവഹിച്ചു മടങ്ങേണ്ടതുമാണ്. ക്വാറന്റൈൻ നിർദേശിക്കുന്ന ജീവനക്കാർക്ക് സർക്കാർ മെഡിക്കൽ ഓഫീസറുടെ സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിൽ സ്പെഷൽ കാഷ്വൽ ലീവ് അനുവദിക്കാം. ഇവർക്ക് വർക്ക് ഫ്രം ഹോം വഴി ജോലി ചെയ്യാൻ ആവശ്യമായ ക്രമീകരണം ഏർപ്പെടുത്താം.
ഗർഭിണികളായ ജീവനക്കാരെ ഡ്യൂട്ടിയിൽനിന്ന് ഒഴിവാക്കാം. ഇവർക്കു വർക്ക് ഫ്രം ഹോം വഴി ജോലി ചെയ്യാൻ ക്രമീകരണം ഒരുക്കാം. ഭിന്നശേഷിക്കാരായ ജീവനക്കാരെ പൊതുജനങ്ങളുമായി നിരന്തരം ബന്ധപ്പെടുന്ന ജോലികളിൽനിന്ന് ഒഴിവാക്കണം. ജീവനക്കാർ കൃത്യമായ സാമൂഹിക അകലം പാലിക്കുന്നുണ്ടെന്നും മറ്റു സെക്ഷനുകളിൽ അനാവശ്യ സന്ദർശനം നടത്തുന്നില്ലെന്നും മേലധികാരികൾ ഉറപ്പാക്കണം.
ജീവനക്കാർ സ്വകാര്യ- ഔദ്യോഗിക ആവശ്യങ്ങൾക്കായി മറ്റു സംസ്ഥാനങ്ങൾ സന്ദർശിച്ചു മടങ്ങിയാൽ 14 ദിവസം ക്വാറന്റൈനിൽ കഴിയണം. സ്വകാര്യ ആവശ്യങ്ങൾക്കു സന്ദർശനം നടത്തുന്ന ജീവനക്കാർക്കു ക്വാറന്റൈൻ കാലയളവ് ഡ്യൂട്ടി ലീവായി അനുവദിക്കേണ്ടതില്ല. ഏതെങ്കിലും ജില്ലയിൽ കോവിഡ് പ്രവർത്തനങ്ങൾക്കായി ജീവനക്കാരുടെ കുറവുണ്ടെങ്കിൽ കളക്ടർ ആവശ്യപ്പെട്ടാൽ ജീവനക്കാരെ വിട്ടുനൽകാൻ എല്ലാ വകുപ്പു മേധാവികളും ബാധ്യസ്ഥരായിരിക്കുമെന്നും പൊതുഭരണ പ്രിൻസിപ്പൽ സെക്രട്ടറിയുടെ ഉത്തരവിൽ പറയുന്നു.
സർക്കാർ ജീവനക്കാർ ഒന്നിടവിട്ട ദിവസങ്ങളിലോ ഓരോ ആഴ്ച ഇടവിട്ടോ ഹാജരായാൽ മതി
01:26 AM Jul 03, 2020 | Deepika.com