തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധ മേഖലകളില്‍ നിക്ഷേപം ആകര്‍ഷിക്കാനും അതിനുള്ള നടപടികള്‍ ലഘൂകരിക്കാനും ഇതിനായി കര്‍മ പരിപാടി തയാറാക്കാനും സര്‍ക്കാര്‍ രൂപവല്‍കരിച്ച സ്പെഷല്‍ ഇന്‍വെസ്റ്റ്മെന്റ് ടാസ്ക് ഫോഴ്സിന്റെ ആദ്യ യോഗം തീരുമാനിച്ചു.
കൊവിഡ്19 വിവിധ മേഖലകളില്‍ സൃഷ്ടിച്ച പ്രതിസന്ധി മറികടക്കാനും ഉല്പാദന കേന്ദ്രങ്ങള്‍ മാറ്റിസ്ഥാപിക്കാന്‍ തയാറെടുക്കുന്ന വിദേശ നിക്ഷേപകരെ ആകര്‍ഷിക്കാനുമായി മുഖ്യമന്ത്രി ശ്രീ പിണറായി വിജയന് മുന്നോട്ടുവച്ച ഈ കര്‍മസമിതി ലൈഫ് സയന്‍സസ്, ആരോഗ്യപരിരക്ഷ, കാര്‍ഷികഭക്ഷ്യ സംസ്കരണം, നഗര അടിസ്ഥാന വികസനം, ഔഷധ നിര്‍മാണം തുടങ്ങിയ മേഖലകളില്‍ കേരളത്തെ നിക്ഷേപകേന്ദ്രമാക്കാനുള്ള പദ്ധതികളായിരിക്കും തയാറാക്കുക.
നിക്ഷേപം നടത്തി പദ്ധതികള്‍ തുടങ്ങുന്നതിനുള്ള നടപടിക്രമങ്ങള്‍ അനായാസവും സുതാര്യവുമാക്കി മാറ്റി സംരംഭകത്വത്തെക്കുറിച്ച് കേരളത്തോടുള്ള മനോഭാവം മാറ്റാനുള്ള പ്രക്രിയയുമായി മുന്നോട്ടുപോകാന്‍ ചീഫ് സെക്രട്ടറി ഡോ. വിശ്വാസ് മേത്തയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി. വ്യവസായവാണിജ്യ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. കെ.ഇളങ്കോവന്, കെഎസ്ഐഡിസി മാനേജിംഗ് ഡയറക്ടര്‍ എസ്. ഹരികിഷോര്‍ എന്നിവരും ഉദ്യോഗസ്ഥരും വ്യവസായ പ്രമുഖരും വിദേശത്തെയടക്കമുള്ള വ്യവസായ മേഖലാ പ്രതിനിധികളും പൊതുമേഖലാ സ്ഥാപനമേധാവിമാരും അടങ്ങുന്ന കര്‍മസമിതിയിലെ എല്ലാ അംഗങ്ങളും യോഗത്തില്‍ പങ്കെടുത്തു.
ഭൂമി ഏറ്റെടുക്കല്‍ പ്രക്രിയയുടെ ലളിതവല്കരണം, വ്യവസായവിദ്യാഭ്യാസ മേഖലകളുടെ സഹകരണം, തൊഴിലവസര സൃഷ്ടി തുടങ്ങിയവ സുഗമമാക്കാനും ഉപഭോക്തൃ സംസ്ഥാനമായ കേരളത്തെ ഉല്പാദക സംസ്ഥാനമാക്കാനും സമിതി നടപടികള്‍ക്ക് രൂപം നല്‍കും. ആരോഗ്യസാമൂഹിക അടിസ്ഥാന സൗകര്യങ്ങള്‍, മെയ്ക്ക്ഇന്കേരള സംരംഭങ്ങള്‍, സംരംഭകരെ സഹായിക്കാനുള്ള കെസ്വിഫ്റ്റ് സോഫ്റ്റ്വേര്‍ നവീകരണം, വേതന സബ്സിഡി ആനുകൂല്യങ്ങള്‍ തുടങ്ങിയവുമായി സംസ്ഥാനം മുന്നോട്ടുപോകും.
സ്പെഷല്‍ ഇന്‍വെസ്റ്റ്മെന്റ് ടാസ്ക് ഫോഴ്സ്
11:04 PM Jul 02, 2020 | Deepika.com