തിരുവനന്തപുരം: പതിനഞ്ചു ദിവസത്തിനുള്ളിൽ സംസ്ഥാനത്തെ പാഠപുസ്തക വിതരണം പൂർത്തിയാക്കാൻ നിർദേശം നൽകിയതായി മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്താകെ പകുതിയിലേറെ പാഠപുസ്തകങ്ങളാണ് ഇതുവരെ വിതരണം ചെയ്തത്. ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തിലാണ് പാഠപുസ്തക വിതരണം നീണ്ടുപോയത്. തിരുവനന്തപുരം, ആലപ്പുഴ, ഇടുക്കി ജില്ലകളിൽ പാഠപുസ്തക വിതരണം പൂർത്തിയായി.
പത്തനംതിട്ടയിൽ 48 ശതമാനം, കോഴിക്കോട് 38 ശതമാനം, കോട്ടയം 27.69 ശതമാനം, കണ്ണൂർ 23.50 ശതമാനം എന്ന തോതിലാണ് വിതരണം നടന്നിട്ടുള്ളത്. കാസർഗോഡ് 18.62 ശതമാനവും കൊല്ലത്ത് 11.74 ശതമാനവും വിതരണം നടന്നിട്ടുണ്ട്. സംസ്ഥാനത്താകെ 54.94 ശതമാനമാണ് വിതരണം നടന്നിട്ടുള്ളത്.
കോവിഡ് കാലമായതിനാൽ എസ്എസ്എൽസി പരീക്ഷ വിജയിച്ചവർക്ക് തുടർപഠനത്തിന് ആവശ്യമായ ചില സർട്ടിഫിക്കറ്റുകളുടെ ലഭ്യത എളുപ്പമല്ല. അതുകൊണ്ട് പ്രവേശനഘട്ടത്തിൽ നേരത്തേയുള്ള സർട്ടിഫിക്കറ്റുകൾ ഹാജരാക്കിയാൽ മതി എന്നു നിർദേശിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.
പാഠപുസ്തക വിതരണം പതിനഞ്ചു ദിവസത്തിനകം പൂർത്തിയാക്കും: മുഖ്യമന്ത്രി
11:35 PM Jul 01, 2020 | Deepika.com