ചങ്ങനാശേരി: ചെത്തിപ്പുഴ സെന്റ് തോമസ് ആശുപത്രിയിൽ ആറു നിലകളിലായി സജ്ജീകരിച്ചിരിക്കുന്ന മാർ ജോസഫ് പവ്വത്തിൽ സൂപ്പർസ്പെഷാലിറ്റി ബ്ലോക്ക് പ്രവർത്തനമാരംഭിക്കുന്നു.
ട്രാൻസ്പ്ലാന്റ് സർജറി സൗകര്യത്തോടുകൂടിയ എട്ട് ഓപ്പറേഷൻ തീയറ്ററുകൾ, അന്തർദേശീയ നിലവാരമുള്ള മാർ ജോർജ് കോച്ചേരി സപ്തതി സ്മാരക ഡയാലിസിസ് സെന്റർ, നെഫ്രോ ആൻഡ് ട്രാൻസ്പ്ലാന്റ് ഇന്റൻസീവ് കെയർ യൂണിറ്റ്, മാർ ജോസഫ് പെരുന്തോട്ടം സപ്തതി സ്മാരക പ്രീസ്റ്റ് വാർഡ്, ഡോ. എ.എം. ജോസഫ് മെമ്മോറിയൽ ഡീലക്സ് മുറികൾ, ഡോ. ജോർജ് പടനിലം മൾട്ടിസ്പെഷാലിറ്റി ഒപി മുറികൾ, അന്തർദേശീയ മാനദണ്ഡങ്ങൾക്കനുസരിച്ചു നിർമിച്ച സെന്ററൽ സ്റ്റെറൈൽ സർവീസ് ഡിപ്പാർട്ട്മെന്റ് എന്നിവയാണ് ഈ ബ്ലോക്കിൽ ക്രമീകരിച്ചിട്ടുള്ളത്. സൂപ്പർസ്പെഷാലിറ്റി ബ്ലോക്കിന്റെ ഔദ്യോഗികമായ ഉദ്ഘാടനം വെള്ളിയാഴ്ച ചങ്ങനാശേരി ആർച്ച്ബിഷപ് മാർ ജോസഫ് പെരുന്തോട്ടം നിർവഹിക്കും.
കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ സമ്മേളനങ്ങൾ ഒഴിവാക്കിക്കൊണ്ടാണ് പരിപാടികൾ സംഘടിപ്പിക്കുന്നത്. അന്നേദിവസം ബ്ലഡ് കന്പോണന്റ് ഫെസിലിറ്റി (രക്തത്തിലെ വിവിധങ്ങളായ ഘടകങ്ങൾ വേർതിരിച്ച് രോഗിക്കാവശ്യമായ ഘടകങ്ങൾ മാത്രം നല്കാനുള്ള സംവിധാനം)യോടെ നവീകരിച്ച ബ്ലഡ് ബാങ്ക്, ദീർഘനാൾ ചികിത്സ ആവശ്യമുള്ളവർക്കായി രൂപകല്പന ചെയ്ത സാന്തോം റീഹാബിലിറ്റേഷൻ സെന്റർ, നവീകരിച്ച സാന്തോം ഓഡിറ്റോറിയം, സെന്റ് തോമസ് ആശുപത്രിയിലെ ഡോക്ടർമാർ, ജീവനക്കാർ, വിദ്യാർഥികൾ എന്നിവർ സമാഹരിച്ച ജീവകാരുണ്യ നിധികൊണ്ടു നിർമിച്ച സ്നേഹഭവനം എന്നിവയുടെ ആശീർവാദകർമവും നടക്കും.
സെന്റ് തോമസ് നഴ്സിംഗ് കോളജിന്റെ സ്ഥാപക ഡയറക്ടർ ഫാ. ഗ്രിഗറി പരുവപ്പറന്പിൽ അനുസ്മരണവും ഫാ. ഷാജി തുന്പേച്ചിറ തയാറാക്കിയ ഹോസ്പിറ്റൽ ആന്തത്തിന്റെ പ്രകാശനവും നടക്കുമെന്നു ഹോസ്പിറ്റൽ ഡയറക്ടർ ഫാ. തോമസ് മംഗലത്ത്, അസിസ്റ്റന്റ് ഡയറക്ടർമാരായ ഫാ. ജയിംസ് പി. കുന്നത്ത്, ഫാ. തോമസ് പുതിയിടം, ഫാ. സിബി കൈതാരൻ, മെഡിക്കൽ അഡ്മിനിസ്ട്രേറ്റർ ഡോ. എൻ. രാധാകൃഷ്ണൻ, മെഡിക്കൽ സൂപ്രണ്ട് ഡോ. തോമസ് സഖറിയ, എം.ജെ. അപ്രേം, സിസ്റ്റർ മെറീന എസ്ഡി, ജിജി ജേക്കബ്, പോൾ മാത്യു എന്നിവർ അറിയിച്ചു.
ചെത്തിപ്പുഴ ആശുപത്രിയിൽ മാർ ജോസഫ് പവ്വത്തിൽ സൂപ്പർ സ്പെഷാലിറ്റി ബ്ലോക്ക് ഉദ്ഘാടനം വെള്ളിയാഴ്ച
12:46 AM Jul 01, 2020 | Deepika.com