അടൂര്‍: അഞ്ചലില്‍ ഉത്രയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഭര്‍ത്താവ് സൂരജിനെ അടൂര്‍ പറക്കോട്ട് വീട്ടില്‍ ഇന്നലെ വീണ്ടും എത്തിച്ച് തെളിവെടുത്തു.
അന്വേഷണത്തിന്റെ ഭാഗമായി കസ്റ്റഡിയിലുള്ള സൂരജിനെ തിങ്കളാഴ്ച കോടതിയില്‍ തിരികെ ഹാജരാക്കണം. ഇതിനു മുമ്പായി കൂടുതല്‍ തെളിവുകള്‍ ശേഖരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ക്രൈംബ്രാഞ്ച് സംഘം പറക്കോട്ടെ വീട്ടിലെത്തിച്ചത്. ഉത്രയുടെ കൊലപാതകവുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായാണ് തെളിവെടുപ്പെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി എ. അശോകന് പറഞ്ഞു.
ഉത്രയെ ആദ്യം കടിച്ച അണലിയെ വീട്ടിലെത്തിച്ച ചാക്ക് ഇന്നലെ കണ്ടെടുത്തു. മാര്‍ച്ച് രണ്ടിനാണ് പറക്കോട്ടെ വീട്ടില്‍വച്ച് ഉത്രയ്ക്ക് ആദ്യം പാമ്പുകടിയേറ്റത്. കടിയേല്‍ക്കുന്നതിനു രണ്ടുദിവസം മുമ്പ് ഇതേ പാമ്പിനെ വീടിനുള്ളില്‍ കണ്ടിരുന്നു. പിന്നീടാണ് മുറ്റത്തുവച്ച് പാമ്പുകടിച്ചതെന്നു പറയുന്നു. ആസൂത്രിതമായ ശ്രമമാണ് ഇതിനു പിന്നിലുണ്ടായതെന്നു കണ്ടെത്തിയിട്ടുണ്ട്. ഉത്രയെ കൊലപ്പെടുത്തുകയെന്ന ഉദ്ദേശ്യത്തോടെ അണലിയെ വീട്ടിലെത്തിച്ചു സൂക്ഷിക്കുകയും ഉത്രയെ കടിപ്പിക്കുകയുമായിരുന്നുവെന്നാണ് അന്വേഷണസംഘത്തിന്റെ വിലയിരുത്തല്‍. സൂരജിന്റെ കുടുംബാംഗങ്ങള്‍ക്കും ഇതറിയാമെന്ന നിഗമനത്തിലാണു പോലീസ്.
ഉത്രയുടെ സ്വര്‍ണാഭരണങ്ങള്‍ കുഴിച്ചിട്ടിരുന്ന സ്ഥലത്തും സൂരജിനെ എത്തിച്ചു. ഉത്രയുടെ ആഭരണങ്ങള്‍ വിറ്റിട്ടുണ്ടെന്ന് സൂരജ് സമ്മതിച്ചു. സൂരജിന്റെ അച്ഛന് ഉപയോഗിച്ചിരുന്ന ഓട്ടോടാക്സി വാഹനവും ഇന്നലെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇതു വാങ്ങാനുള്ള പണം ഉത്രയുടെ വീട്ടില്‍നിന്നു കൊണ്ടുവന്നതാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.
സൂരജിന്റെ അമ്മ രേണുകയെയും സഹോദരി സൂര്യയെയും വെള്ളിയാഴ്ച അന്വേഷണസംഘം വിശദമായി ചോദ്യം ചെയ്തിരുന്നു. തുടര്‍ച്ചയായ ഏഴ് മണിക്കൂറാണ് ചോദ്യം ചെയ്തത്. ആദ്യഘട്ട ചോദ്യംചെയ്യലില്‍ സൂരജിനെയും അച്ഛന് സുരേന്ദ്രനെയും ഇവര്‍ക്കൊപ്പം ഇരുത്തിയിരുന്നു.
ഉത്രയുടെ കൊലപാതകം: സൂരജിനെ വീണ്ടും പറക്കോട്ടെ വീട്ടിലെത്തിച്ചു
12:37 AM Jun 07, 2020 | Deepika.com