തിരുവനന്തപുരം: എൽഡിഎഫ് രാഷ്ട്രീയ വ്യക്തതയുള്ളവരുടെ മുന്നണിയാണെന്നും നയപരമായി യോജിപ്പുള്ളവരുമായി മാത്രമേ എൽഡിഎഫ് മുന്നണിയുണ്ടാക്കുകയുള്ളുവെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. കേരള കോണ്‍ഗ്രസിലെ ഇരുവിഭാഗങ്ങളും തമ്മിലുള്ള തർക്കവുമായി ബന്ധപ്പെട്ട മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്കു മറുപടി പറയുകയായിരുന്നു അദ്ദേഹം.
കേരള കോണ്‍ഗ്രസിൽ നയപരമായ ഒരു പ്രശ്നവും പി.ജെ. ജോസഫിന്റെ ഭാഗത്തു നിന്നോ ജോസ് കെ. മാണിയുടെ ഭാഗത്തുനിന്നോ ഉന്നയിക്കപ്പെട്ടതായി കാണുന്നില്ല. യുഡിഎഫുമായി എന്തെങ്കിലും നയപരമായ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടെങ്കിൽ അവർ അതു തുറന്നു പറയുകയാണു വേണ്ടത്. അല്ലാതെ അപ്പുറത്തെ മുന്നണിയിൽനിന്നു കൊണ്ട് വിലപേശാൻ വേണ്ടി അത്തരത്തിലൊരു നിലപാട് സ്വീകരിക്കുന്നതിനോട് എൽഡിഎഫ് യോജിക്കുന്നില്ല.
രാഷ്ട്രീയ നിലപാടു സ്വീകരിച്ച് ഒരു വ്യക്തത വരുത്താൻ ഇരു വിഭാഗങ്ങൾക്കും ഇതുവരെ കഴിഞ്ഞിട്ടില്ല. യുഡിഎഫിൽ ഇരുന്നുകൊണ്ടു തന്നെ കാര്യങ്ങൾ നടത്താനാണ് അവർ ഉദ്ദേശിക്കുന്നതെന്നാണ് ഇപ്പോൾ പുറത്തു വന്നിട്ടുള്ള സൂചനകൾ. ഇരു വിഭാഗങ്ങളിൽ ആരുമായും എൽഡിഎഫ് ആശയവിനിമയം നടത്തിയിട്ടില്ല. ആദ്യം അവർ ഒരു നിലപാട് എടുക്കട്ടെ. അവരുടെ നിലപാട് എന്താണെന്ന് അറിഞ്ഞ ശേഷം എൽഡിഎഫ് ഇക്കാര്യം ചർച്ച ചെയ്യാൻ ഉദ്ദേശിക്കുന്നുള്ളൂവെന്നും കോടിയേരി പറഞ്ഞു. ഏതെങ്കിലും ഒരു വിഭാഗത്തെ ലക്ഷ്യം വച്ചുള്ള ഒരു പ്രവർത്തനവും ഇപ്പോൾ എൽഡിഎഫ് നടത്തുന്നില്ല. അവർ തമ്മിൽ തർക്കമുണ്ട് എന്നതാണു വസ്തുത.
എൽഡിഎഫ് ആരെയും അടർത്തിക്കൊണ്ടു വരാൻ ഉദ്ദേശിക്കുന്നില്ല. യുഡിഎഫിനുള്ളിൽതന്നെ അഭിപ്രായ വ്യത്യാസങ്ങളും സംഘർഷങ്ങളും വളർന്നു വരുകയാണ്. എൽഡിഎഫ് രാഷ്ട്രീയമായി കെട്ടുറപ്പുള്ള മുന്നണിയാണ്. ഈ മുന്നണി കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ അധികാരത്തിൽ വന്ന മുന്നണിയാണ്. നിയമസഭാ തെരഞ്ഞെടുപ്പിനു ശേഷം യുഡിഎഫിന്റെ കൂടെ നിന്നിരുന്ന കക്ഷികളെ പോലും കൂടെ നിർത്താൻ യുഡിഎഫിനു കഴിഞ്ഞിട്ടില്ല. അത്തരത്തിലുള്ള അസംതൃപ്തികൾ ഇനിയും വളർന്നു വരും. അതു കൊണ്ട് ആരെയും ചാക്കിട്ടുപിടക്കാനോ കാലുമാറ്റം നടത്തിക്കാനോ എൽഡിഎഫ് ഉദ്ദേശിക്കുന്നില്ല.
എൽഡിഎഫിന് യുഡിഎഫിനെ നേരിടാനുള്ള രാഷ്ട്രീയമായ കരുത്തും ബഹുജന പിന്തുണയുമുണ്ട്. ഇപ്പോഴത്തെ എൽഡിഎഫിനുതന്നെ തദ്ദേശ തെരഞ്ഞെടുപ്പിൽ വൻ വിജയം നേടാൻ സാധിക്കും. അതു കൊണ്ട് ആരെയെങ്കിലും ഇപ്പുറത്തു കൊണ്ടുവരണം എന്ന് ബേജാറായി നടക്കുന്ന മുന്നണിയല്ല എൽഡിഎഫ്. ജനങ്ങളിൽ രാഷ്ട്രീയമാറ്റം വരുത്താനാണ് എൽഡിഎഫ് മുൻഗണന കൊടുക്കുന്നത്. യുഡിഎഫിനകത്തുള്ള സംഘർഷം മറച്ചുപിടിക്കാനാണു മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി എൽഡിഎഫിനെതിരേ പ്രസ്താവനകൾ നടത്തുന്നതെന്നും കോടിയേരി കൂട്ടിച്ചേർത്തു.
എൽഡിഎഫ് ആരെയും അടർത്തിക്കൊണ്ടു വരില്ല: കോടിയേരി
12:37 AM Jun 07, 2020 | Deepika.com