തിരുവനന്തപുരം: മറ്റ് സംസ്ഥാനങ്ങളിൽനിന്നു ധാരാളംപേർ ട്രെയിൻമാർഗം കേരളത്തിലേക്കു വരുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ പ്രധാനപ്പെട്ട റെയിൽവേ സ്റ്റേഷനുകളിലെ പോലീസ് സംവിധാനത്തിന്റെ ചുമതല ഐജി തലത്തിലെ ഉദ്യോഗസ്ഥർക്കു നൽകി സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ ഉത്തരവായി.
ഉത്തര കേരളത്തിലെ പ്രധാനപ്പെട്ട റെയിൽവേ സ്റ്റേഷനുകളുടെ ചുമതല ക്രൈം ബ്രാഞ്ച് കോഴിക്കോട് ഐജി ഇ.ജെ. ജയരാജിനും ദക്ഷിണകേരളത്തിലെ പ്രധാനപ്പെട്ട റെയിൽവേ സ്റ്റേഷനുകളുടെ ചുമതല ട്രാഫിക് ഐജി ജി. ലക്ഷ്മണുമാണു നൽകിയിരിക്കുന്നത്. ക്രമസമാധാന വിഭാഗം എഡിജിപി ഡോ.ഷേക്ക് ദർവേഷ് സാഹിബിനാണ് മേൽനോട്ടച്ചുമതല.
ഓരോ റെയിൽവേ സ്റ്റേഷന്റെയും ചുമതല എഎസ്പിമാർക്കോ ഡിവൈഎസ്പിമാർക്കോ നൽകിയിട്ടുണ്ട്. റെയിൽവേ സ്റ്റേഷനുകളുടെ ചുമതലയുളള ഉദ്യോഗസ്ഥരുടെ വിവരങ്ങൾ താഴെ പറയും പ്രകാരമാണ്.
കാസർഗോഡ് (കാസർഗോഡ് ഡിസിആർബി ഡിവൈഎസ്പി), കണ്ണൂർ (കണ്ണൂർ നാർക്കോട്ടിക് സെൽ എഎസ്പി), കാഞ്ഞങ്ങാട് (എഎസ്പി, എസ്എംഎസ് വയനാട്), തിരൂർ ജംഗ്ഷൻ, ഷൊർണൂർ (രണ്ടിടത്തും മലപ്പുറം ഡിസിആർബി ഡിവൈഎസ്പി), തൃശൂർ (തൃശൂർ ഡിസിആർബി എസിപി), എറണാകുളം (എറണാകുളം ഡിസിആർബി എസിപി), ആലപ്പുഴ (ആലപ്പുഴ ഡിസിആർബി ഡിവൈഎസ്പി), കോട്ടയം (കോട്ടയം ഡിസിആർബി ഡിവൈഎസ്പി), കൊല്ലം (കൊല്ലം ഡിവൈഎസ്പി), തിരുവനന്തപുരം (തിരുവനന്തപുരം ഡിസിആർബി എസിപി).
പ്രധാനപ്പെട്ട ട്രെയിനുകൾ വരികയും പോവുകയും ചെയ്യുന്ന സമയത്ത് അതതു ജില്ലാ പോലീസ് മേധാവിമാർ റെയിൽവേ സ്റ്റേഷനുകൾ സന്ദർശിക്കും. റെയിൽവേ സ്റ്റേഷനുകളുടെ പരിധിയിലുളള ലോക്കൽ പോലീസ് സ്റ്റേഷനുകളും റെയിൽവേ പോലീസ് സ്റ്റേഷനുകളും ഈ സംവിധാനത്തിന് ആവശ്യമായ സഹായങ്ങൾ നൽകും.
റെയിൽവേ സ്റ്റേഷനുകളിലെ പോലീസ് സംവിധാനത്തിന്റെ ചുമതല ഐജിമാർക്ക്
11:59 PM Jun 06, 2020 | Deepika.com